സ്വർണം എയ്തുവീഴ്ത്താൻ കൈകളെന്തിന്; സൈന്യം ദത്തെടുത്ത ശീതളിന് ഹാംഗ്ഝൗവിൽ സ്വർണത്തിളക്കം
Friday, October 27, 2023 1:45 PM IST
ഹാംഗ്ഝൗ: ഏഷ്യൻ പാരാഗെയിംസിൽ അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് സ്വർണത്തിളക്കം. വനിതകളുടെ കോമ്പൗണ്ട് ഓപ്പൺ ഇനത്തിൽ ഇന്ത്യയുടെ ശീതൾദേവി സ്വർണം നേടി. വാശിയേറിയ പോരാട്ടത്തിൽ സിംഗപ്പൂരിന്റെ അലിം നൂർ സയാഹിദയെയാണ് ഇന്ത്യൻ താരം പരാജയപ്പെടുത്തിയത്. സ്കോർ: 144-142
ആദ്യ മൂന്നു സെറ്റുകളിൽ നിന്നായി മൂന്നു പോയിന്റ് ലീഡ് വഴങ്ങിയ ശീതൾദേവി അടുത്ത രണ്ട് സെറ്റുകളിൽ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു.
ഇതോടെ ഹാംഗ്ഝൗവിൽ ശീതൾദേവിയുടെ മെഡൽനേട്ടം മൂന്നായി. വനിതകളുടെ കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തിൽ സ്വർണവും ഡബിൾസിൽ വെള്ളിയും താരം നേടിയിരുന്നു.
ലോക ഫൈനൽ കളിക്കുന്ന കൈകളില്ലാത്ത ഇന്ത്യയുടെ ആദ്യ അമ്പെയ്ത്ത് താരം കൂടിയാണ് ജമ്മു കാഷ്മീരിൽ നിന്നുള്ള പതിനാറുകാരിയായ ശീതൾദേവി. കിഷ്ത്വാറിലെ ഒരു സൈനിക ക്യാമ്പിൽ നിന്ന് ഇന്ത്യൻ സൈന്യം ദത്തെടുത്തതാണ് ശീതളിനെ.
2019ൽ കിഷ്ത്വാറിലെ മുഗൾ മൈതാനിയിൽ നടന്ന യുവജന പരിപാടിക്കിടെയാണ് ശീതൾ ഇന്ത്യൻ ആർമിയുടെ രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന്റെ ശ്രദ്ധ ആകർഷിച്ചത്. അവളുടെ അസാധാരണമായ കഴിവും പ്രതിഭയും തിരിച്ചറിഞ്ഞ ഇന്ത്യൻ സൈന്യം അവളെ ഏറ്റെടുത്തു, വിദ്യാഭ്യാസ പിന്തുണയും വൈദ്യസഹായവും നൽകി.
ഇതോടെ ഇതുവരെ ഇന്ത്യയുടെ ആകെ മെഡൽനേട്ടം 94 ആയി. വ്യാഴാഴ്ച തന്നെ മെഡലുകളുടെ കാര്യത്തിൽ ഇന്ത്യ റിക്കാർഡിട്ടിരുന്നു. 2018ൽ ഇന്തോനേഷ്യയിൽ നേടിയ 72 മെഡലുകളുടെ നേട്ടമാണ് ഹാംഗ്ഝൗവിൽ ഇന്ത്യ മറികടന്നത്. ഇനിയും രണ്ടുദിവസം ശേഷിക്കേ കൂടുതൽ മെഡൽനേട്ടമാണ് പ്രതീക്ഷിക്കുന്നത്.