കേരളത്തിന് ഒരു വന്ദേഭാരത് കൂടി; മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് സർവീസ്
വെബ് ഡെസ്ക്
Friday, October 27, 2023 4:51 PM IST
ചെന്നൈ: കേരളത്തിന് ഒരു വന്ദേഭാരത് ട്രെയിന്‍ കൂടി ഉടനെത്തും. ദീപാവലിയോട് അനുബന്ധിച്ചാണ് കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുക. ചെന്നൈയില്‍ നിന്ന് ബംഗളൂരു, ബംഗളൂരുവില്‍ നിന്ന് എറണാകുളം എന്നീ രീതിയിലുള്ള വന്ദേഭാരത് സര്‍വീസ് ശൃഖലയാണ് ഒരുക്കുന്നത്. .
മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ശൃംഖല വഴി എട്ട് സര്‍വീസുകള്‍ നടത്താനാണ് ദക്ഷിണ റെയില്‍വേയുടെ നീക്കം. ചെന്നൈയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ രാവിലെ നാലു മണിക്ക് ബംഗളൂരുവിലെത്തും. അവിടെ നിന്നും നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്തെത്തും. ഇതേ റൂട്ടില്‍ തിരിച്ചും സര്‍വീസ് നടത്താനാണ് തീരുമാനം.
ദീപാവലി സ്പെഷ്യല്‍ എന്ന നിലയില്‍ ആരംഭിക്കുന്ന സര്‍വീസിന് യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചാല്‍ ഇത് സ്ഥിരമാക്കിയേക്കുമെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. വ്യാഴാഴ്ചയ്ക്കും തിങ്കളാഴ്ച്ചയ്ക്കും ഇടയിലാകും സര്‍വീസ് നടത്തുകയെന്നും റിപ്പോര്‍ട്ടിലുണ്ട്.
സര്വീസോട് അനുബന്ധിച്ച് ദക്ഷിണ റെയില്‍വേയുടെ കൈവശമുള്ള സ്പെയര്‍ റാക്കുകള്‍ ഉപയോഗിക്കാനും നിര്‍ദേശമുണ്ട്. സര്‍വീസ് വരുന്നതോടെ വാരാന്ത്യങ്ങളിലെ തിരക്ക് ഒഴിവാകുമെന്നാണ് സൂചന.