വിദ്യാര്‍ഥികളെ മർദിച്ച കേസ്: ദേശീയപാത നിർമാണ കമ്പനിയിലെ ഡ്രൈവർമാർ പിടിയിൽ
Saturday, October 28, 2023 12:50 PM IST
പരിയാരം: ദേശീയപാത നിര്‍മാണ പ്രവൃത്തിക്കെത്തിയ കരാര്‍ കമ്പനി തൊഴിലാളികളും വിളയാങ്കോട് എംജിഎം പോളിടെക്നിക്ക് കോളജ് വിദ്യാര്‍ഥികളും തമ്മിൽ ഏറ്റുമുട്ടി. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. അഭിനവ് (19), യദു(19), വിനായക് (19) എന്നീ വിദ്യാര്‍ഥികളെ പരിക്കുകളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ മൂന്ന് താത്കാലിക ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. വിളയാങ്കോട് സ്വദേശികളായ ഫെബിന്, റോബിന്, പുത്തൂര്‍ക്കുന്നിലെ സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. കോളജിനു സമീപത്താണ് ദേശീയപാത നിര്‍മാണ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നൂറുകണക്കിനു തൊഴിലാളികളും ഇവിടെ താമസിക്കുന്നുണ്ട്.
ഉച്ചയോടെ നിര്‍മാണ കമ്പനിയുടെ ലോറികള്‍ കടന്നുപോകുമ്പോള്‍ വിദ്യാര്‍ഥികള്‍ റോഡില്‍ കൂട്ടംകൂടി നിന്നതു ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ഥികള്‍ കൈയേറ്റം ചെയ്തതായി കമ്പനി അധികൃതര്‍ പറഞ്ഞു.
ഇതിന്റെ പ്രതികാരമായി കോളജ് വിട്ട് ഹോസ്റ്റലിലേക്ക് പോകുന്ന വിദ്യാര്‍ഥികളെ ജീവനക്കാര്‍ പട്ടികകഷ്ണങ്ങളും പണിയായുധങ്ങളും കൊണ്ട് മര്‍ദ്ദിച്ചതായാണ് പരാതി.
പരിയാരം പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. വിദ്യാർഥികളെ മർദിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.