പത്ത് റെയിൽവേ സ്റ്റേഷനുകൾ ബോംബ് വച്ച് തകർക്കുമെന്ന് ലഷ്കറിന്റെ ഭീഷണി
Sunday, October 29, 2023 6:17 AM IST
ന്യൂഡൽഹി: രാജ്യത്തെ പത്ത് റെയിൽവേ സ്റ്റേഷനുകൾ ബോംബ് വച്ച് തകർക്കുമെന്ന് ഭീകരസംഘടനയായ ലഷ്കർ-ഇ-ത്വയ്ബയുടെ ഭീഷണി. നവംബർ 13ന് ഹരിയാനയിലെയും ഉത്തർപ്രദേശിലെയും 10 സ്റ്റേഷനുകൾ തകർക്കുമെന്നാണ് ഭീഷണി.
ജമ്മു-കാഷ്മീരിൽ ലഷ്കർ ഭീകരരെ സൈന്യം വധിച്ചതിന്റെ പ്രതികാരം ചെയ്യുമെന്നാണ് ലഷ്കറിന്റേതെന്നു കരുതപ്പെടുന്ന ഭീഷണിക്കത്തിൽ പറയുന്നത്. നവംബർ 15ന് ഹരിയാനയിലെ ജഗാദാരി വൈദ്യുതി നിലയം, റെയിൽവേ കോച്ച് ഫാക്ടറി, ബസ് സ്റ്റാൻഡ്,ക്ഷേത്രങ്ങൾ എന്നിവ തകർക്കുമെന്നും ഭീഷണിയുണ്ട്.
കത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകൾക്കും ട്രെയിനുകൾക്കും സുരക്ഷ വർദ്ധിപ്പിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. ലഷ്കർ-ഇ-ത്വയ്ബ ഏരിയ കമാൻഡർ എന്നവകാശപ്പെടുന്ന കരീം അൻസാരിയുടെ പേരിൽ ഹരിയാനയിലെ യമുനാ നഗർ ജഗാദാരി റെയിൽവേ സ്റ്റേഷനിൽ 26നാണ് കത്ത് ലഭിച്ചത്.
അംബാല കാന്റ്, പാനിപ്പത്ത്, കർണാൽ, സോനിപ്പത്ത്, ചണ്ഡിഗർ, ഭിവാനി, മീററ്റ്, ഗാസിയാബാദ്, കൽക്ക, സഹാറാൻപൂർ എന്നീ പ്രധാന റെയിൽവേ സ്റ്റേഷനുകൾ തകർക്കുമെന്നാണ് കത്തിലുള്ളത്.
ഭീഷണിക്കത്ത് നോർത്തേൺ റെയിൽവേ ആർപിഎഫ് ചീഫ് സെക്യൂരിറ്റി കമ്മീഷണർക്ക് കൈമാറി. ഹരിയാനയിലെ സ്റ്റേഷനുകൾ തകർക്കുമെന്ന ഭീഷണി മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഭീഷണി തള്ളുന്നില്ലെന്ന് റെയിൽവേ അറിയിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കത്തിന്റ ഉത്തരവാദിത്വം ഇതുവരെ ലഷ്കർ-ഇ-ത്വയ്ബ ഏറ്റെടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ ലഷ്കറിന്റെ പേരിൽ മറ്റാരെങ്കിലും അയച്ച കത്താണോയെന്നും അന്വേഷിക്കുന്നുണ്ട്.