അധ്യാപകനെ പ്രിൻസിപ്പലിന്റെ മുന്പിലിട്ട് മർദിച്ച് പ്ലസ്വൺ വിദ്യാർഥി; കൈക്കുഴ വേർപ്പെട്ടു
Sunday, October 29, 2023 8:03 AM IST
കുറ്റിപ്പുറം: അധ്യാപകനെ പ്രിൻസിപ്പലിന്റെ മുന്പിലിട്ട് മർദിച്ച് പരിക്കേൽപ്പിച്ച് പ്ലസ് വൺ വിദ്യാർഥി. കലോത്സവ പരിശീലനം നടക്കുന്ന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ചതിൽ പ്രകോപിതനായാണ് വിദ്യാർഥിയുടെ ആക്രമണം.
വിദ്യാർഥിയുടെ ആക്രമണത്തിൽ അധ്യാപകന്റെ കൈക്കുഴ വേർപെട്ടു. സ്കൂളിലെ ഹയർ സെക്കൻഡറി അധ്യാപകനായ കുണ്ടിൽ ചോലയിൽ സജീഷി (34)നാണ് പരുക്കേറ്റത്.
കുറ്റിപ്പുറം പേരശനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം.
ഉപജില്ലാ കലോത്സവത്തിനായി പെൺകുട്ടികൾ പരിശീലനം നടത്തുന്ന സ്ഥലത്ത് അനാവശ്യമായി കറങ്ങി നടന്ന വിദ്യാർഥികളിൽ ചിലരെ അധ്യാപകൻ ശകാരിക്കുകയായിരുന്നു.
തുടർന്ന് പ്രിൻസിപ്പലിന്റെ മുന്നിലെത്തിച്ചപ്പോഴാണ് സംഭവം. പ്രകോപിതനായ വിദ്യാർഥി പ്രിൻസിപ്പൽ നോക്കി നിൽക്കെ അധ്യാപകനെ മർദിക്കുകയായിരുന്നു.
വിദ്യാർഥി അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് പുറത്തു ചവിട്ടുകയായിരുന്നുവെന്ന് പറയുന്നു. ഇതോടെ അധ്യാപകന്റെ കൈക്കുഴ വേർപെട്ടു.
പരുക്കേറ്റ സജീഷ് ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അധ്യാപകന്റെ പരാതിയിൽ പോലീസ് വിദ്യാർഥിക്കെതിരേ കേസെടുത്ത് ജുവനൈൽ കോടതി ജഡ്ജിക്കു റിപ്പോർട്ട് കൈമാറി.