കളമശേരി സ്ഫോടനം; ഹൃദയം വേദനിക്കുന്നു: അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Sunday, October 29, 2023 7:04 PM IST
കൊച്ചി: കളമശേരി സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലുണ്ടായ സ്ഫേടനത്തെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
നടന്നത് മനുഷ്യത്വത്തിനു നിരക്കാത്ത കുറ്റകൃത്യമാണെന്നും സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണെന്നും ഗവർണർ പറഞ്ഞു. തന്റെ ഹൃദയം വേദനിക്കുന്നുവെന്നും അപലപനീയമാണെന്നും ഗവർണർ പറഞ്ഞു
നടന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. ഭീകരബന്ധം ഉണ്ടോയെന്ന് തനിക്ക് പറയാനാവില്ല. നിയമവാഴ്ച്ചയുള്ള നാട്ടിൽ ഒരിക്കലും അംഗീകരിക്കാനാകാത്ത സംഭവമാണ് നടന്നത്. സമാധാനപരമായ കൂട്ടായ്മയ്ക്ക് നേരെ നടന്ന സംഭവം അങ്ങേയറ്റം അപലപീനയമാണ്. താൻ വേദനിക്കുന്നവർക്കൊപ്പമാണെന്നും ഗവർണർ പ്രതികരിച്ചു.
അതേസമയം, സ്ഫോടനക്കേസിൽ തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ പിടിയിലായി. 16 വർഷങ്ങളായി യഹോവ സാക്ഷികളിൽ അംഗമാണെന്നും സഭ തെറ്റായ ആശയമാണ് പങ്കുവയ്ക്കുന്നതെന്നും ഇതിൽ പ്രതിഷേധിക്കാനാണ് താൻ ബോംബ് വച്ചതെന്നും ഡൊമിനിക് മാർട്ടിൻ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.