രാജസ്ഥാൻ സർക്കാരിനെ താലിബാനുമായി താരതമ്യം ചെയ്ത് ബിജെപി നേതാവ്
Sunday, October 29, 2023 11:55 PM IST
ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായി താരതമ്യപ്പെടുത്തി രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സി.പി. ജോഷി. സംസ്ഥാനത്ത് പ്രീണന രാഷ്ട്രീയം പിന്തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വരാനിരിക്കുന്ന രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രപരമായ ജനവിധിയോടെ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും ജോഷി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഉദയ്പൂരിൽ കാവി പതാക നിരോധിച്ചതിനും സിക്കാറിലെ രാം ദർബാർ തകർത്തതിനും മുഖ്യമന്ത്രി ഉത്തരവാദിയാണെന്ന് അദ്ദേഹം ആരോപിച്ചു. ആരാണ് അതിന് ഉത്തരവാദി?. രാജസ്ഥാനോ താലിബാനോ?.
ജനങ്ങൾക്ക് ഇത് സഹിക്കാനാവില്ല. ആരെങ്കിലും അതിന് ഉത്തരവാദിയാണെങ്കിൽ അത് മുഖ്യമന്ത്രി അശോക് ഗെലോട്ടാണ്. സംസ്ഥാനത്ത് പ്രീണനം നടത്തിയ രീതി ജനങ്ങൾ മറക്കില്ലെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു.
സംസ്ഥാനത്ത് അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനാൽ കോൺഗ്രസിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് സർക്കാരിന്റ് കാലത്ത് വർധിച്ച അഴിമതിയാണ് രാജസ്ഥാനിൽ പണപ്പെരുപ്പം അതിന്റെ പാരമ്യത്തിലെത്തുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കനത്ത നികുതിയാണെന്നും അദ്ദേഹം ആരോപിച്ചു.
അധികാരകാലത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കില്ലെന്നാണ് കോൺഗ്രസ് സർക്കാർ വാഗ്ധാനം ചെയ്തത്. എന്നാൽ വൈദ്യുതി ബില്ലിന്റെ മറ്റ് ചാർജുകൾ പത്തിരട്ടിയിലേറെ വർധിപ്പിച്ച് ജനങ്ങൾക്ക് ഭാരമുണ്ടാക്കിയെന്നും ജോഷി പറഞ്ഞു.
അതേസമയം, വസ്തുതകളില്ലാത്ത പ്രസ്താവനകൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നതെന്ന് ആരോപണങ്ങൾ തള്ളി കോൺഗ്രസ് വക്താവ് സ്വർണിം ചതുർവേദി പറഞ്ഞു.
വളർച്ചാ നിരക്കിൽ സംസ്ഥാനം രാജ്യത്ത് രണ്ടാം സ്ഥാനത്താണെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ആശ്വാസം നൽകുന്ന നയങ്ങൾ സർക്കാർ രൂപീകരിച്ചിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു