ചവിട്ടേറ്റ് വയറ്റിൽ നീർക്കെട്ട്; പ്ലസ്വൺ വിദ്യാർഥിയുടെ മർദനത്തിൽ പരിക്കേറ്റ അധ്യാപകനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Monday, October 30, 2023 6:32 AM IST
കുറ്റിപ്പുറം: പ്ലസ്വൺ വിദ്യാർഥിയുടെ മർദനത്തിൽ കൈക്കുഴ വേർപ്പെട്ട കുറ്റിപ്പുറം പേരശനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കുണ്ടിൽചോലയിൽ സജീഷിനെ (46) ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയ്ക്കും വയറിനും വേദന കൂടിയതിനെ തുടർന്നാണ് അധ്യാപകനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സിടി സ്കാൻ അടക്കമുള്ള പരിശോധനകളിൽ വയറിനു താഴെ നീർക്കെട്ടുള്ളതായി കണ്ടെത്തി. വിദ്യാർഥി ഷൂസിട്ട് അധ്യാപകന്റെ വയറിന്റെ ഇടതുവശത്ത് ചവിട്ടിയിരുന്നു. ഇതേ തുടർന്നാണ് ഈ ഭാഗത്ത് നീർക്കെട്ട് വന്നത് എന്നാണ് വിവരം.
വിദ്യാർഥിയുടെ ആക്രമണത്തിൽ അധ്യാപകന്റെ ഇടതു കൈക്കുഴയാണ് വേർപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് സജീഷിനെ വളാഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചത്.
ശനിയാഴ്ച വൈകുന്നേരം സ്വന്തം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് സജീഷിനെ മർദിച്ച് പരുക്കേൽപിച്ചത്. ഓഫീസിനു മുന്നിലിട്ട് അധ്യാപകനെ മർദിക്കുമ്പോൾ പിടിക്കാനെത്തിയ അധ്യാപികമാരും താഴെ വീണു. അധ്യാപകന്റെ കൈ പിന്നിലേക്ക് പിടിച്ച് പുറത്ത് ചവിട്ടിയപ്പോഴാണ് കൈക്കുഴ വേർപെട്ടത്.
പരുക്കേറ്റ അധ്യാപകനെ കുറ്റിപ്പുറത്തെ ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ആദ്യം ചികിത്സ നൽകിയിരുന്നു. അധ്യാപകന്റെ പരാതിയിൽ കുറ്റിപ്പുറം പോലീസ് കേസെടുത്ത് റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറിയിട്ടുണ്ട്.
വിദ്യാർഥിയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. വിദ്യാർഥി മുൻപ് അധ്യാപികമാരോട് അപമര്യാദയായി പെരുമാറിയതും സ്കൂളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്.
ഇനി ഈ സ്കൂളിൽ തുടരാൻ കഴിയില്ലെന്നും സ്ഥലം മാറ്റത്തിന് ഇന്ന് അപേക്ഷ നൽകുമെന്നും അധ്യാപകൻ പറഞ്ഞു. ശരീരത്തേക്കാൾ ഏറെ പരിക്കേറ്റത് മനസ്സിനാണെന്നും സ്കൂളിലെ ഡിസിപ്ലിൻ കമ്മിറ്റിയുടെ ചുമതലയുള്ളതിനാലാണ് വിദ്യാർഥിയെ ശകാരിച്ചതും നേർവഴിക്ക് നടത്താൻ ശ്രമിച്ചതും.
എന്നാൽ ഒരു അധ്യാപകന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അനുഭവമാണ് നേരിടേണ്ടി വന്നതെന്നും സജീഷ് വ്യക്തമാക്കി.