കളമശേരി സ്ഫോടനം; നാല് പേരുടെ നില ഗുരുതരമെന്ന് ആരോഗ്യമന്ത്രി
Monday, October 30, 2023 10:37 AM IST
കൊച്ചി: കളമശേരി സ്ഫോടനത്തില്‍ പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 12 പേരാണ് കളമശേരി മെഡിക്കല്‍ കോളജിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നതെന്ന് മന്ത്രി പറഞ്ഞു.
ഒടുവില്‍ മരിച്ച 12 വയസുകാരി ലിബിനയുടെ അമ്മയുടെയും സഹോദരന്റെയും നില ഗുരുതരമാണ്. ഇവരടക്കം നാല് പേരാണ് വെന്റിലേറ്ററില്‍ കഴിയുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
മരിച്ച മൂന്ന് പേരുടയും പോസ്റ്റ്മോര്‍ട്ടം ഒരേ സമയം നടക്കും. സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ച കുറുപ്പുംപടി സ്വദേശി ലയോണ പൗലോസിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലാണ്. അതുകൊണ്ട് ഡിഎന്‍എ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.