കളമശേരി സ്ഫോടനം: സ്ഥലത്തുണ്ടായിരുന്ന എല്ലാവര്ക്കും മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
Tuesday, October 31, 2023 4:05 PM IST
തിരുവനന്തപുരം: കളമശേരി കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനം ഇരകളിലുണ്ടാക്കിയ മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മാനസികാരോഗ്യ ടീമിന്റെ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്ഫോടന സമയത്ത് സ്ഥലത്തുണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
കളമശേരി സ്ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സ, മാനസിക പിന്തുണ ഉറപ്പാക്കല്‍ എന്നിവ അവലോകനം ചെയ്യുന്നതിനായി ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതലയോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ് പരിക്കേറ്റവർ. ആകെ 53 പേരാണ് ചികിത്സ തേടിയെത്തിയത്. 21 പേരാണ് വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ളത്. അതില്‍ 16 പേരാണ് ഐസിയുവിലുള്ളത്.
മാനസികാരോഗ്യ പരിപാടി, ടെലി മനസ് എന്നിവയിലൂടെയാണ് മാനസിക പിന്തുണയും കൗണ്‍സിലിംഗും നല്‍കുന്നത്. നിസാര പരിക്കേറ്റവര്‍ക്കും മറ്റുള്ളവര്‍ക്കും ഫോണ്‍ വഴി മാനസിക പിന്തുണ നല്‍കും. അതില്‍ മാനസിക ബുദ്ധിമുട്ട് കൂടുതലുള്ളവര്‍ക്ക് നേരിട്ടുള്ള സേവനവും ഉറപ്പാക്കും.
വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍, കോട്ടയം, തൃശൂര്‍, കളമശേരി മെഡിക്കല്‍ കോളജുകള്‍, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരെ ഉൾപ്പെടുത്തി 14 അംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.