കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തത് തീവ്രചിന്താഗതിക്കാരെ സന്തോഷിപ്പിക്കാൻ: കെ. സുരേന്ദ്രൻ
Tuesday, October 31, 2023 11:51 PM IST
തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കള്ളക്കേസെടുത്തത് തീവ്രചിന്താഗതിക്കാരെ സന്തോഷിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതിലൂടെ പിണറായി വിജയന്റെ ഇരട്ടത്താപ്പും ഇരട്ടനീതിയും വ്യക്തമായിരിക്കുകയാണ്.
വോട്ട് ബാങ്ക് രാഷ്ട്രീയം മുന്നിൽ കണ്ടുള്ള ഹീന രാഷ്ട്രീയമാണിത്. ഹമാസിന്റെ തലവൻ മലപ്പുറത്തെ റാലിയിൽ വീഡിയോ കോണ്ഫ്രൻസിൽ പറഞ്ഞത് ഹിന്ദുത്വവാദികളെ കുഴിച്ചുമൂടുമെന്നാണ്. എന്നാൽ ആ പരിപാടി നടത്തിയവർക്കെതിരെ കേസെടുക്കാതെ അത് ചൂണ്ടിക്കാണിച്ച രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുക്കുകയാണ് സർക്കാർ ചെയ്തത്.
കേരളത്തിൽ ക്രമസമാധാനനില പാലിക്കുന്നതിലും ജനങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിലും പരാജയപ്പെട്ട അഴിമതിയിൽ മൂക്കറ്റംമൂടിയ പിണറായി സർക്കാർ ഹമാസിനെ പരസ്യമായി പിന്തുണച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. കള്ളക്കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.