17 ലക്ഷം അഫ്ഗാന് അഭയാര്‍ഥികളെ മടക്കി അയയ്ക്കാനൊരുങ്ങി പാക്കിസ്ഥാന്
Wednesday, November 1, 2023 1:13 AM IST
ഇസ്ലാമാബാദ്: അഭയാര്‍ഥികളായി പാക്കിസ്ഥാന് അതിര്‍ത്തിയില്‍ കഴിയുന്ന അഫ്ഗാന് പൗരന്മാര് നാടുകടത്തല്‍ ഭീഷണിയില്‍.
1.7 ദശലക്ഷം വരുന്ന അഭയാര്‍ഥികളോട് നവംബര്‍ ഒന്നിനു മുമ്പ് രാജ്യം വിട്ടു പോകണമെന്നാണ് പാക്കിസ്ഥാന്റെ അന്ത്യശാസനം.
2021ല്‍ താലിബാന് അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതിനു പിന്നാലെ പാക്കിസ്ഥാനിലേക്ക് പാലായനം ചെയ്ത അഭയാര്‍ഥികളാണ് ഇവയിലേറെയും. പതിറ്റാണ്ടുകളായി പാക്കിസ്ഥാന്റെ അതിര്‍ത്തിയില്‍ അഭയാര്‍ഥികളായി കഴിയുന്ന അഫ്ഗാനികളുമുണ്ട്. മതിയായ രേഖകളില്ലാത്തതിന്റെ പേരിലാണ് ഇപ്പോള്‍ ഇവരോട് രാജ്യം വിട്ടു പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
''പാക്കിസ്ഥാന് വിട്ടു പോകാന്‍ നിര്‍ബന്ധിതമായാല്‍ ഞങ്ങള്‍ എങ്ങോട്ടു പോകും'' സാദിയ എന്ന അഭയാര്‍ഥി പെണ്‍കുട്ടി ചോദിക്കുന്നു.
പാക്കിസ്ഥാനിലെ പെഷവാറിലാണ് സാദിയ പഠിക്കുന്നത്. 2021ല്‍ താലിബാന് അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചതിനു പിന്നാലെയാണ് പഠനം തുടരാനായി സാദിയ അവിടെ നിന്ന് രക്ഷപ്പെടുന്നത്. താലിബാന് സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം വിലക്കിയതിനെത്തുടര്ന്നായിരുന്നു ഇത്.
ഇപ്പോള്‍ പാക്കിസ്ഥാന് വിട്ട് അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങേണ്ടി വന്നാല്‍ എങ്ങനെ പഠനം തുടരുമെന്ന് ആശങ്കയുണ്ടെന്ന് സാദിയ പറയുന്നു.
ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളാണ് ഇപ്പോള്‍ പാക്കിസ്ഥാനെ ഇത്തരത്തിലൊരു നീക്കത്തിലേക്കെത്തിച്ചിരിക്കുന്നത് എന്നാണ് വിവരം. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഭീകരവാദികള്‍ പാക്കിസ്ഥാന് അതിര്‍ത്തിയില്‍ സ്ഥിരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് പാക്കിസ്ഥാന്റെ വാദം.