ആലപ്പുഴയിൽ ശ്രീനാരായണ ഗുരുമന്ദിരത്തിനു നേരെ ആക്രമണം
Wednesday, November 1, 2023 10:08 AM IST
ചേർത്തല: ആലപ്പുഴയിൽ ശ്രീനാരായണ ഗുരുമന്ദിരത്തിനു നേരെ അജ്ഞാതരുടെ ആക്രമണം. കാട്ടൂർ കോർത്തുശേരി 506-ാം നമ്പർ ശാഖയുടെ ഗുരുമന്ദിരത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മന്ദിരത്തിന്റെ ഗേറ്റും കാണിക്കവഞ്ചിയും തകർത്തു. സംഭവത്തിൽ മണ്ണഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പുലർച്ചെ അഞ്ചോടെയാണ് സംഭവം. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് ആക്രമണത്തിന്റെ വിവരം പുറത്തറിയുന്നത്. ഗേറ്റ് തകർത്ത് ദൂരേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. യൂത്ത് മൂവ്മെന്റിന്റെ കൊടിയും ബോർഡുകളും തകർത്തു.
കാണിക്കവഞ്ചിയും തകർത്തെങ്കിലും പണം നഷ്ടമായിട്ടില്ല. ഇതിനാൽ മോഷണശ്രമമല്ലെന്ന നിഗമനത്തിലാണ് പോലീസ്.