ന്യൂസിലൻഡിന് ടോസ്; ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്
Wednesday, November 1, 2023 2:11 PM IST
പൂന: ലോകകപ്പിലെ കരുത്തന്മാരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ കിവീസ് നായകൻ ടോം ലാഥം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഒരു മാറ്റത്തോടെയാണ് ന്യൂസിലൻഡ് ഇന്നിറങ്ങുന്നത്. ലോക്കി ഫെർഗൂസണു പകരം ടിം സൗത്തി അന്തിമ ഇലവനിലെത്തി. അതേസമയം, പ്രോട്ടീസ് നിരയിലും ഒരു മാറ്റമുണ്ട്. തബ്രെയ്സ് ഷംസിക്ക് പകരം കഗീസോ റബാഡ ഇന്ന് കളിക്കും.
തുടർച്ചയായി രണ്ടു മത്സരം തോറ്റെത്തുന്ന ന്യൂസിലൻഡ് നിലവിലെ സ്ഥാനം കൈവിടാതിരിക്കാൻ ജയം മാത്രമാണു ലക്ഷ്യമിടുക. നിലവിൽ എട്ടു പോയിന്റുമായി മൂന്നാം സ്ഥാനത്താണു കിവീസ്. ദക്ഷിണാഫ്രിക്കയാണെങ്കിൽ ജയം തുടർന്നു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനാണ് ഇറങ്ങുന്നത്.
പത്തു പോയിന്റുമായി രണ്ടാം സ്ഥാനത്താണു ദക്ഷിണാഫ്രിക്ക. ഇന്നു ജയിച്ചാൽ 12 പോയിന്റുമായി റണ് റേറ്റിൽ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്താം. സെമി ഫൈനൽ ഉറപ്പിക്കുകയാണ് ഇരുടീമുകളുടെയും ലക്ഷ്യം.
രണ്ടു തോൽവികൾ നേരിട്ടുകഴിഞ്ഞ കിവീസിന് ഇനിയൊരു പരാജയത്തെക്കുറിച്ചു ചിന്തിക്കാനാവില്ല. തോറ്റാൽ കിവീസിന്റെ സെമി പ്രവേശനം കടുപ്പമാകും. മൂന്നു മത്സരംകൂടിയേ കിവീസിനുള്ളൂ. ജയത്തോടെ ഇന്ത്യക്കൊപ്പം അവസാന നാലിലേക്ക് അടുക്കാനാണു ദക്ഷിണാഫ്രിക്കയും പോരാടുന്നത്. ബാറ്റർമാർ മികച്ച ഫോമിലെന്നതാണ് ഇരുടീമിന്റെയും ആശ്വാസം.
ദക്ഷിണാഫ്രിക്ക ടീം: ക്വിന്റൺ ഡികോക്ക്, ടെംപ ബാവുമ, റാസി വാൻഡെർ ഡുസെൻ, എയ്ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർകോ ജാൻസൻ, ജെറാൾഡ് കോട്സീ, കേശവ് മഹാരാജ്, കഗീസോ റബാഡ, ലുംഗി എൻഗിഡി.
ന്യൂസിലൻഡ് ടീം: ഡെവൺ കോൺവേ, വിൽ യംഗ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ലാഥം, ഗ്ലെൻ ഫിലിപ്സ്, ജയിംസ് നീഷാം, മിച്ചൽ സാന്റ്നർ, മാറ്റ് ഹെൻറി, ടിം സൗത്തി, ട്രെന്റ് ബോൾട്ട്.