ബംഗളൂരു നഗരത്തെ വിറപ്പിച്ച പുലി ചത്തു
Wednesday, November 1, 2023 7:09 PM IST
ബംഗുളൂരു: ബംഗുളൂരു നഗരത്തിലിറങ്ങി ജനങ്ങളെ വിറപ്പിച്ച പുലി ചത്തു. പുലിയെ പിടികൂടുന്നതിനായി ഒന്നിലേറ പ്രാവശ്യം മയക്കുവെടി വച്ചിരുന്നു. തുടർന്ന് ചികിത്സ നൽകുന്നതിനിടെയാണ് പുലി ചത്തത്.
ശനിയാഴ്ച രാത്രി ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള സിംഗസാന്ദ്ര മേഖലയിലാണ് പുലിയെ ആദ്യം കണ്ടത്. പുലിയെ രണ്ട് തെരുവ് നായ്ക്കൾ ഓടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.
ഒക്ടോബർ 29 ന് കുഡ്ലുവിലെ ഒരു അപ്പാർട്ട്മെന്റിലും പുലി പ്രവേശിച്ചു. തുടർന്ന് കുഡ്ലു ഗേറ്റ് പരിസരത്ത് നടത്തിയ തീവ്ര തിരച്ചിലിനിടെയാണ് പുലിയെ പിടികൂടിയത്.
എന്നാൽ മയക്കുവെടി വച്ച് മുന്നോട്ട് നീങ്ങുന്നതിനിടെ വെറ്ററിനറി സർജനെയും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെയും ആക്രമിക്കാൻ പുലി ശ്രമിച്ചു. ഇതോടെ കൂടുതൽ മയക്കുവെടി പുലിക്ക് നേരെ പ്രയോഗിക്കുകയായിരുന്നു. മയങ്ങി വീണ പുലിയെ മൃഗാശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴേക്കും ചത്തിരുന്നു.
ബംഗളൂരുവിലെ ബന്നാർഘട്ട ദേശീയ ഉദ്യാനത്തിന് സമീപമാണ് പുള്ളിപ്പുലിയെ ആദ്യം കണ്ട സിംഗസാന്ദ്ര പ്രദേശം.