ഹിറ്റ്മാന്റെ റിക്കോർഡിന് അരികിൽ ഡി കോക്ക്
Wednesday, November 1, 2023 7:25 PM IST
പൂനെ: ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡി കോക്കിന് ഏകദിന ലോകപ്പിലെ നാലാം സെഞ്ചുറി. ന്യൂസിലൻഡിനെതിരായ മത്സരത്തിലാണ് താരം ഈ ലോകകപ്പിലെ നാലാം സെഞ്ചുറി നേടിയത്.
ഇതോടെ ഒരു ലോകകപ്പിൽ ഏറ്റവും അധികം സെഞ്ചുറി എന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ റിക്കോർഡിന് അടുത്തെത്തി ഡി കോക്ക്. 2019 ലോകകപ്പിൽ രോഹിത് അഞ്ച് സെഞ്ചുറികൾ നേടിയിരുന്നു.
ശ്രീലങ്ക, ഓസ്ട്രേലിയ, ബംഗ്ലാദേശ് ടീമുകൾക്കെതിരേയും നേരത്തെ ഡി കോക്ക് സെഞ്ചുറി കുറിച്ചിരുന്നു. ഒരു ലോകകപ്പിൽ 500 റൺസിലധികം നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരം എന്ന റിക്കോർഡും ഇടംകൈയൻ വിക്കറ്റ് കീപ്പർ ബാറ്റർ സ്വന്തമാക്കി.
ഈ ലോകകപ്പിൽ ഏഴ് ഇന്നിംഗ്സുകളിൽ നിന്നായി 77.85 ശരാശരയിൽ 545 റൺസാണ് ഡി കോക്ക് ഇതുവരെ അടിച്ചുകൂട്ടിയത്. 413 റൺസുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറാണ് രണ്ടാം സ്ഥാനത്ത്.
ഡി കോക്ക് (114), റാസി വാൻ ഡർ ഡുസൻ (133) എന്നിവരുടെ സെഞ്ചുറികളുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് അടിച്ചുകൂട്ടി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഡേവിഡ് മില്ലർ 30 പന്തിൽ 53 റൺസ് നേടിയതാണ് സ്കോർ 350 കടത്തിയത്.