ഷാര്‍ജ: കുറുക്കുവഴികള്‍ തേടിയാല്‍ ഒഴിവാക്കാമായിരുന്ന പ്രതിസന്ധികള്‍ക്ക് മുന്നിലും ഉമ്മന്‍ ചാണ്ടി മുറുകെപ്പിടിച്ച ആദര്‍ശം അദ്ദേഹത്തിന്‍റെ ആത്മകഥ വായിച്ചാല്‍ മനസിലാകുമെന്ന് മകള്‍ അച്ചു ഉമ്മന്‍.

ഷാര്‍ജ പുസ്തക മേളയില്‍ ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയായ കാലം സാക്ഷിയുടെ പ്രകാശന ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അച്ചു. "നിരപരാധിയെന്ന റിപ്പോര്‍ട്ട് കണ്ടതിന് ശേഷമായിരുന്നു അപ്പയുടെ മരണം. നിരപരാധിയാണെന്ന് തെളിഞ്ഞെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് ഇനിയും നീതി ലഭിക്കാനുണ്ട്'.

അദ്ദേഹത്തിന് നീതി ലഭിക്കുമെന്നും കാലം അതിന് സാക്ഷിയാകുമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. തന്‍റെ ആത്മകഥയില്‍ ഒരാളെ പോലും വേദനിപ്പിക്കരുതെന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അതിനാല്‍ ചില സംഭവങ്ങള്‍ ഒഴിവാക്കിയെന്നും പുസ്തകമെഴുതിയ മാധ്യമപ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞു.

കാലം സാക്ഷിയെന്ന പുസ്തകം മകള്‍ അച്ചു ഉമ്മന്‍, പ്രമുഖ വ്യവസായിയും ആസാ ഗ്രൂപ്പ് ചെയര്‍മാനുമായ സി.പി സാലിഹിന് നല്‍കി പ്രകാശനം ചെയ്തു.