നാടുകാണി ചുരത്തിൽ പുലിയിറങ്ങി; ചിത്രം പകർത്തി യാത്രക്കാർ
Thursday, November 2, 2023 10:36 AM IST
നിലമ്പുർ: മലപ്പുറം നാടുകാണി ചുരത്തിൽ പുലിയിറങ്ങി. ബുധനാഴ്ച രാത്രി പത്തോടെയാണ് ചുരത്തിന്റെ ഒന്നാംവളവിൽ പുലിയെ രാത്രിയാത്രക്കാർ കണ്ടത്.
ഇതുവഴി കടന്നുപോയ ലോറി ഡ്രൈവറാണ് പുലിയുടെ ദൃശ്യങ്ങൾ പകർത്തിയത്. ഇതിനു പിന്നാലെ പുലി റോഡ് മുറിച്ചുകടന്ന് കാട്ടിലേക്ക് ഓടിമറഞ്ഞു.
ജനവാസമേഖലയ്ക്കരികിൽ പുലിയെ കണ്ടത് നാട്ടുകാരിൽ ആശങ്കയുളവാക്കുന്നുണ്ട്. അന്തർസംസ്ഥാന പാത കൂടിയായ ഇതുവഴി ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് രാത്രി കടന്നുപോകുന്നത്.
കാട്ടിൽ നിന്ന് ആനകൾ ഇടയ്ക്കിടെ ഇറങ്ങാറുണ്ടെങ്കിലും പുലിയെത്തുന്നത് ആദ്യമായാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. അതേസമയം, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് അറിയിച്ചു.