നദിയിൽ കുളിക്കാനെത്തിയ ദളിത് യുവാക്കൾക്ക് മർദനം, ദേഹത്ത് മൂത്രമൊഴിച്ചു; ആറുപേർ അറസ്റ്റിൽ
Thursday, November 2, 2023 2:23 PM IST
തിരുനെൽവേലി: തമിഴ്നാട്ടിൽ നദിയിൽ കുളിക്കാനെത്തിയ രണ്ട് ദളിത് യുവാക്കളെ മർദിക്കുകയും വസ്ത്രം വലിച്ചുകീറി ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്ത കേസിൽ ആറുപേർ അറസ്റ്റിൽ. തിരുനെൽവേലി തച്ചനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
താഴൈയൂത്ത് സ്വദേശി പൊന്നുമണി (25), പാളയംകോട്ടയ്ക്കടുത്ത് തിരുമലൈകൊഴുന്തുപുരം സ്വദേശികളായ നല്ലമുത്ത് (21), ആയിരം (19), രാമർ (22), ശിവ (22), ലക്ഷ്മണൻ (22) എന്നിവരെയാണ് തച്ചനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 30നു നടന്ന സംഭവത്തിൽ ബുധനാഴ്ചയാണ് പോലീസ് കേസെടുത്തത്. മണിമൂർത്തീശ്വരം സ്വദേശികളായ മനോജ് കുമാറും മാരിയപ്പനും താമിരഭരണിയിൽ കുളിക്കാനെത്തിയതായിരുന്നു. ഈസമയം പുഴയ്ക്ക് സമീപം മദ്യപിക്കുകയായിരുന്നു പ്രതികൾ.
മനോജും മാരിയപ്പനും വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രതികൾ തടഞ്ഞുനിർത്തി നാടും ജാതിയും ചോദിച്ചു. തങ്ങൾ ഒരു ദളിത് കുഗ്രാമത്തിൽ നിന്നുള്ളവരാണെന്ന് വെളിപ്പെടുത്തിയപ്പോൾ പ്രതികൾ തങ്ങളെ ആക്രമിക്കുകയും വസ്ത്രം വലിച്ചുകീറുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തതായി ഇരകൾ പോലീസിനോട് പറഞ്ഞു.
രാത്രി വരെ തങ്ങളെ സംഘം അവിടെ തടഞ്ഞുവെച്ചതായും വിട്ടയയ്ക്കുന്നതിനു മുമ്പ് തങ്ങളുടെ കൈയിലുണ്ടായിരുന്ന 5,000 രൂപയും മൊബൈൽ ഫോണുകളും എടിഎം കാർഡുകളും തട്ടിയെടുത്തുവെന്നും മനോജും മാരിയപ്പനും പരാതിയിൽ പറഞ്ഞു.
ഇരുവരും സാരമായ പരിക്കുകളോടെ തിരുനെൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയുടെ അടിസ്ഥാനത്തിൽ ദളിതർക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.