ഇരുട്ടടി; വൈദ്യുതി നിരക്ക് വർധിപ്പിച്ചു
Thursday, November 2, 2023 5:30 PM IST
തിരുവനന്തപുരം: സംസ്ഥനത്തെ വൈദ്യുതി നിരക്കുകളിൽ വൻ വർധന വരുത്തി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. ഗാർഹിക ഉപഭോക്താക്കൾക്ക് വിവിധ സ്ലാബുകളിലായി യൂണിറ്റൊന്നിന് 10 പൈസ മുതൽ 30 പൈസ വരെ വർധന വരുത്തി.
ഇതിനു പുറമെ പ്രതിമാസം നൽകേണ്ട ഫിക്സഡ് ചാർജും കുത്തനെ കൂട്ടി. ഫിക്സഡ് ചാർജ് ഇനത്തിൽ അഞ്ചു രൂപ മുതൽ 20 രൂപ വരെയുള്ള വർധനവാണ് വരുത്തിയത്. ഈ മാസം ഒന്നു മുതൽ നിരക്ക് വർധനയ്ക്ക് പ്രാബല്യമുണ്ട്.
പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധനയില്ല. ഇവർക്ക് യൂണിറ്റൊന്നിന് 1.50 രൂപ എന്ന നിരക്കിലുള്ള തുക നൽകിയാൽ മതി. നിരക്ക് വർധനയിലൂടെ കെഎസ്ഇബിക്ക് ഒരു വർഷം 1044 കോടി രൂപയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
പ്രതിമാസം 150 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് 122 രൂപയുടെ വർധനയാണ് ഉണ്ടാവുക. നിലവിൽ പ്രതിമാസം 150 യൂണിറ്റ് ഉപയോഗിക്കുന്നവർ 605 രൂപയാണ് എനർജി ചാർജ് ഇനത്തിൽ നൽകേണ്ടത്.
എന്നാൽ പുതിയ വർധനയോടെ ഇത് 728 രൂപയോളമാകും. അതായത് രണ്ടു മാസം കൂടുന്പോൾ വരുന്ന ഒരു വൈദ്യുതി ബില്ലിൽ എനർജി ചാർജിന് മാത്രം 244 രൂപയുടെ വർധനയുണ്ടാകും. ഇതിനു പുറമെ രണ്ടു മാസത്തെ ഫിക്സഡ് ചാർജായ 170 രൂപയും നിലവിൽ ഈടാക്കുന്ന സർചാർജും നൽകണം.
250 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ഓരോ 50 യൂണിറ്റിനും വിവിധ നിരക്കുകളാണ്(ടെലിസ്കോപ്പിക്) നൽകേണ്ടി വരിക. ആദ്യത്തെ 50 യൂണിറ്റ് വരെ യൂണിറ്റൊന്നിന് 3.25 രൂപയാണ് പുതിയ നിരക്ക്.
നേരത്തേ ഇത് 3.15 രൂപയായിരുന്നു. 51100 വരെ യൂണിറ്റൊന്നിന് 4.5 രൂപയും 101150 വരെ യൂണിറ്റൊന്നിന് 5.10 രൂപയും 151200 വരെ യൂണിറ്റൊന്നിന് 6.95 രൂപയും 201250 വരെ യൂണിറ്റൊന്നിന് 8.20 രൂപയുമാണ് പുതിയ നിരക്ക്.