കരുവന്നൂര്‍: മൊയ്തീനെയും കണ്ണനെയും വീണ്ടും ചോദ്യം ചെയ്തേക്കും
Thursday, November 2, 2023 7:49 PM IST
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ടാംഘട്ട അന്വേഷണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇഡി രണ്ടാംഘട്ട അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കേസില്‍ കൂടുതല്‍ പേര്‍ക്ക് സമന്‍സ് നല്കി വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. നേരത്തെ ചോദ്യം ചെയ്ത മുന്‍ മന്ത്രി എ.സി. മൊയ്തീനെയും എം.കെ. കണ്ണനെയും വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.
കരുവന്നൂരില്‍ ഇതുവരെ 90 കോടിയുടെ കള്ളപ്പണം ഇടപാട് നടന്നു എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. 55 പ്രതികളെ ഉള്‍പ്പെടുത്തി പന്ത്രണ്ടായിരത്തോളം പേജുള്ള കുറ്റപത്രം കഴിഞ്ഞ ദിവസമാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചത്.
2011- 12 മുതല്‍ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ 219 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍. സഹകരണവകുപ്പ് നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പ് പുറത്തുവരുന്നത്. 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിരുന്നു.