ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആശങ്കാജനകമാം വിധം വായു മലിനീകരണം രൂക്ഷമാകുന്നതിനാല്‍ രണ്ട് ദിവസത്തേക്ക് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന വിവരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.

ഡല്‍ഹിയിലെ മലിനീകരണ തോത് ഉയരുകയാണെന്നും എക്യുഐ (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) 450ന് മുകളിലാണെന്നും വ്യാഴാഴ്ച റിപ്പോര്‍ട്ട് വന്നിരുന്നു. ഈ സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

നവജാതശിശുക്കളടക്കമുള്ള കുട്ടികള്‍ക്ക് ഡല്‍ഹിയിലെ വായു മലിനീകരണം ഏറെ അപകടകരമാണെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് എയിംസ് പുറത്ത് വിട്ടിരുന്നു. ഇതോടെ പ്രദേശത്ത് മലിനീകരണത്തിന്‍റെ അളവ് കുറയ്ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി.



കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ തുടര്‍ച്ചയായി പരിശോധന നടത്തണമെന്നും മലിനീകരണം കുറയ്ക്കാന്‍ വേണ്ട നടപടിയെടുക്കണമെന്നും എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഇറക്കുന്നത് കുറയ്ക്കണമെന്നും ഇലക്ട്രിക്ക്-സിഎന്‍ജി വാഹനങ്ങള്‍, മെട്രോ സര്‍വീസുകള്‍ എന്നിവയെ കൂടുതലായി ആശ്രയിക്കണമെന്നും സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.