മാസപ്പടി വിവാദം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാന്‍ ആസൂത്രിത നീക്കം: മാത്യു കുഴല്നാടന്
Friday, November 3, 2023 12:19 PM IST
കൊച്ചി: മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാന്‍ ആസൂത്രിത നീക്കം നടക്കുന്നെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴല്നാടന്. അഴിമതി മറയ്ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ടുനില്‍ക്കുന്നെന്നും എംഎല്‍എ ആരോപിച്ചു.
എംഎല്‍എ എന്ന നിലയില്‍ ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും മറുപടി തരാതെ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്. പൗരനെന്ന നിലയില്‍ താന്‍ വിവരാവകാശനിയമപ്രകാരം കൊടുത്ത അപേക്ഷയില്‍ പോലും തനിക്ക് മറുപടി തരുന്നില്ല.
മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട് നടത്തുന്ന അഴിമതിയും കൊള്ളയും മറച്ചുപിടിക്കാന്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ കുടപിടിക്കുകയാണ്. അഴിമതി മറച്ചുവയ്ക്കാന്‍ വിവിധ വകുപ്പുകളെ സര്‍ക്കാര്‍ ദുരുപയോഗിക്കുന്നെന്നും എംഎല്‍എ ആരോപണം ഉന്നയിച്ചു.
വീണാ വിജയന്റെ കന്പനി സിഎംആര്‍എലില്‍നിന്ന് വാങ്ങിയ പണത്തിന് നികുതി അടച്ചെന്നായിരുന്നു മാസപ്പടി വിവാദത്തിലെ സിപിഎമ്മിന്റെ പ്രാഥമിക വാദം. ഇതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് താന്‍ ധനമന്ത്രിക്ക് അയച്ച കത്തിന് മറുപടി വന്നത് രണ്ട് മാസത്തിന് ശേഷമാണ്.
താന്‍ വിവരാവകാശ നിയമപ്രകാരം കൊടുത്ത അപേക്ഷയ്ക്ക് മറുപടി കിട്ടാതിരുന്നപ്പോള്‍ അത് വാര്‍ത്തയായി. ഇത് സിപിഎമ്മിന് എതിരാകുമെന്ന് കണ്ടപ്പോഴാണ് ധനവകുപ്പിന്റെ കാപ്സ്യൂള്‍ പുറത്തുവന്നതെന്നും എംഎല്‍എ വിമര്‍ശിച്ചു.