അഞ്ചുവർഷത്തിനുള്ളിൽ സമ്പൂർണ വികസിത സംസ്ഥാനമാക്കും: ഛത്തിസ്ഗഡിൽ പ്രകടനപത്രിക പുറത്തിറക്കി ബിജെപി
Friday, November 3, 2023 3:50 PM IST
റായ്പുർ: അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഛത്തിസ്ഗഡിനെ സമ്പൂർണവികസിത സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച് ബിജെപിയുടെ പ്രകടനപത്രിക. വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് റായ്പുരിൽ പ്രകടനപത്രിക അവതരിപ്പിച്ചത്.
ബിജെപിയുടെ പ്രകടനപത്രിക വെറും പ്രകടനപത്രികയല്ലെന്നും അത് തങ്ങൾക്ക് ഒരു പ്രമേയ കത്താണെന്നും അമിത് ഷാ പറഞ്ഞു. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഛത്തീസ്ഗഡിനെ സമ്പൂർണ വികസിത സംസ്ഥാനമാക്കി മാറ്റുമെന്ന് താൻ ഇവിടുത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റായ്പുരിലെ കുഷാഭൗ താക്കറെ കോംപ്ലക്സിലെ ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ അമിത് ഷായെ കൂടാതെ ഛത്തീസ്ഗഡ് ബിജെപി ഇൻചാർജ് ഓം മാത്തൂർ, സംസ്ഥാന അധ്യക്ഷൻ അരുൺ സോ, മുൻ മുഖ്യമന്ത്രി രമൺ സിംഗ് എന്നിവരും പങ്കെടുത്തു.
പാവപ്പെട്ടവർക്ക് വീട്, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തൽ, മധ്യപ്രദേശിലെ ‘ലാഡ്ലി ലക്ഷ്മി’ മാതൃകയിലുള്ള പദ്ധതികൾ തുടങ്ങിയവയാണ് ബിജെപി പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, തൊഴിലുറപ്പ് എന്നിവയും പ്രകടന പത്രികയിലെ നിർണായക വാഗ്ദാനങ്ങളാകുമെന്ന് പ്രതീക്ഷിക്കുന്നു.
സമഗ്ര വികസനം, മെച്ചപ്പെട്ട ജീവിത നിലവാരം, സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതി തുടങ്ങിയ വിഷയങ്ങളെ അഭിസംബോധന ചെയ്ത് ഛത്തീസ്ഗഡിലെ ജനങ്ങളുടെ പ്രതീക്ഷകളെയാണ് തങ്ങളുടെ പ്രകടനപത്രികയിൽ പ്രതിഫലിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന നേതൃത്വം പറഞ്ഞു.