കാഠ്മണ്ഡു: നേപ്പാളില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ 69 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി വീടുകളും കെട്ടിടങ്ങളും ഇവിടെ തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

റെക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിലുണ്ടായത്. രണ്ട് തവണയായി 40 സെക്കന്‍ഡുകള്‍ നീണ്ടു നിന്ന ഭൂചലനമായിരുന്നു ഇവിടെയുണ്ടായത്. ഇതിന് പിന്നാലെ ഉത്തരേന്ത്യയില്‍ പലഭാഗത്തും പ്രകമ്പനമുണ്ടായി.



ഡല്‍ഹിയിലടക്കം രാത്രി ശക്തമായ പ്രകമ്പനമുണ്ടായതിന് പിന്നാലെ പലയിടത്തും ആളുകള്‍ പരിഭ്രാന്തരാകുകയും റോഡിലേക്ക് ഇറങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഡല്‍ഹിയില്‍ ഭൂചലനമുണ്ടാകുന്നത്.