സർക്കാർ സ്കൂളിലെ പ്രഥമാധ്യാപകനെതിരെ പീഡനപരാതി നൽകി വിദ്യാർഥിനികൾ
Saturday, November 4, 2023 10:09 AM IST
ജിന്ദ്: ഹരിയാനയിലെ സർക്കാർ സ്കൂളിലെ പ്രഥമാധ്യാപകനെതിരെ പീഡന പരാതി നൽകി വിദ്യാർഥിനികൾ. ജിന്ദ് ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ 50 ലധികം വിദ്യാർഥിനികളാണ് പ്രഥമാധ്യാപകനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതെന്ന് ഹരിയാന സംസ്ഥാന വനിതാ കമ്മീഷൻ അറിയിച്ചു.
സ്കൂളിലെ ഏതാനും വിദ്യാർഥിനികളുടെ പരാതികൾ സെപ്തംബർ 14ന് പോലീസിന് കൈമാറിയെന്നും എന്നാൽ ഒക്ടോബർ 30ന് മാത്രമാണ് നടപടിയുണ്ടായതെന്നും കമ്മീഷൻ പറഞ്ഞു.
പരാതിയെ തുടർന്ന് ജിന്ദ് ഭരണകൂടം സസ്പെൻഡ് ചെയ്ത സ്കൂൾ അധ്യാപകനെതിരെ ഹരിയാന പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു. പ്രതിയെ പിടികൂടാൻ ജിന്ദ് പോലീസ് അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. 55 വയസിനടുത്ത് പ്രായമുള്ള പ്രഥമാധ്യാപകൻ ഒളിവിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.