തമിഴ്നാട്ടില്‍ വിദ്യാര്‍ഥികളെ ബസില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ചു; നടി രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍
Saturday, November 4, 2023 10:40 AM IST
ചെന്നൈ: തമിഴ്നാട്ടില്‍ വിദ്യാര്‍ഥികളെ ബസില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ച സംഭവത്തില്‍ നടി അറസ്റ്റില്‍. ബിജെപി നേതാവ് കൂടിയായ രഞ്ജന നാച്ചിയാര്‍ ആണ് അറസ്റ്റിലായത്.
രാവിലെ ചെന്നൈയിലെ വീട്ടില്‍വച്ചാണ് ഇവര്‍ പിടിയിലായത്. പൊതുസ്ഥലത്ത് ഗതാഗത കുരുക്കുണ്ടാക്കുക, വിദ്യാര്‍ഥികളെ മര്‍ദിക്കുക, അസഭ്യഭാഷണം നടത്തുക, സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി തടസപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. തമിഴ്നാട്ടിലെ സര്‍ക്കാര്‍ ബസിനെ പിന്തുടര്ന്ന് എത്തിയ നടി ഡ്രൈവറെ ശകാരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം.
പിന്നീട് ബസിന്റെ ഫുട്ബോര്ഡില് നിന്ന് യാത്ര ചെയ്ത വിദ്യാര്‍ഥികളോട് ഇറങ്ങി നില്ക്കാന് ആവശ്യപ്പെട്ടു. ചില കുട്ടികള്‍ ഇതിന് വിസമ്മതിച്ചതോടെ ഇവരെ കോളറിന് പിടിച്ച് വലിച്ചിറക്കുകയായിരുന്നു. അസഭ്യം പറഞ്ഞുകൊണ്ട് കുട്ടികളുടെ തലയിലും മുഖത്തും നടി അടിക്കുകയും ചെയ്തു.
അതേസമയം അറസ്റ്റിനെതിരേ ബിജെപി രംഗത്തുവന്നിട്ടുണ്ട്. ഇത്തരത്തില്‍ കുട്ടികളുമായി യാത്ര ചെയ്ത ബസ് ജീവനക്കാര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്നുമാണ് സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ പ്രതികരണം.