നേപ്പാൾ ഭൂചലനം; മരണസംഖ്യ 140 ആയി
Saturday, November 4, 2023 12:48 PM IST
കാഠ്മണ്ഡു: നേപ്പാൾ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി. നൂറിലേറെ പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെ റെക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിലുണ്ടായത്.
രണ്ട് തവണയായി 40 സെക്കന്‍ഡുകള്‍ നീണ്ടു നിന്ന ഭൂചലനമായിരുന്നു ഇവിടെയുണ്ടായത്. അപകടത്തിൽ നിരവധി വീടുകൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഭൂകമ്പത്തിന്റെ പ്രകമ്പനം ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമെത്തി.
പാറ്റ്ന, കതിഹാർ, ഈസ്റ്റ് ചമ്പാരൻ, ദർഭംഗ, മുസാഫർപുർ, വെസ്റ്റ് ചമ്പാരൻ, സസാരാം, നവാഡ, ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ മറ്റ് നിരവധി ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടതായി ബിഹാറിലെ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
ഭൂകമ്പത്തിൽ ഉണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. "നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടർന്നുണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും അതിയായ ദുഃഖമുണ്ട്. ഇന്ത്യ നേപ്പാളിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. സാധ്യമായ എല്ലാ സഹായവും നൽകാൻ തയാറാണ്. ഞങ്ങളുടെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ'.-അദ്ദേഹം എക്സിൽ കുറിച്ചു.
അതേസമയം, ഭൂചലനത്തിൽ വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ രംഗത്തെത്തി. ദുരിതാശ്വാസ പ്രവർത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകൾ നേപ്പാളിലെത്തിയിട്ടുണ്ട്.