ദീപാവലി തിരക്ക് ഒഴിവാക്കാൻ വൺവേ ജൻ സാധാരൺ സ്പെഷലുമായി റെയിൽവേ
എസ്.ആർ.സുധീർ കുമാർ
Saturday, November 4, 2023 4:32 PM IST
കൊല്ലം: ദീപാവലിയോട് അനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ ജൻ സാധാരൺ സ്പെഷൽ ട്രെയിൻ ഏർപ്പെടുത്തി റെയിൽവേ. വൺവേ അൺറിസർവ്ഡ് സ്പെഷൽ ട്രെയിനാണ് സർവീസ് നടത്തുക. ആദ്യ ട്രെയിൻ എറണാകുളം ജംഗ്ഷനിൽ നിന്ന് ധൻബാദിലേയ്ക്ക് 10ന് പുറപ്പെടും.
രാത്രി 11.55ന് എറണാകുളത്ത് നിന്ന് യാത്രതിരിക്കുന്ന ട്രെയിൻ 12ന് രാത്രി 11 -ന് ധൻബാദിൽ എത്തും. ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം, ജോലാർപ്പെട്ട ജംഗ്ഷൻ, കാട്പാടി ജംഗ്ഷൻ, പെരമ്പൂർ, ഗുഡൂർ, വിജയവാഡ, രാജമുദ്രി, ദുവ്വാഡ, വിഴിയനഗരം, റായഗഡ, സാമ്പൽപുർ, റൂർക്കേല എന്നിവയാണ് സ്റ്റോപ്പുകൾ. രണ്ട് ലഗേജ് - ബ്രേക്ക് വാൻ കോച്ചുകൾ കൂടാതെ 22 രണ്ടാം ക്ലാസ് ജനറൽ സിറ്റിംഗ് കോച്ചുകൾ ഉണ്ടാകും.
ഇത് കൂടാതെ ഒരു വീക്കിലി സ്പെഷൽ സൂപ്പർഫാസ്റ്റ് ട്രെയിൻ നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് താംബരത്തേയ്ക്കും തിരികെയും സർവീസ് നടത്തും. നാഗർകോവിൽ നിന്ന് വൈകുന്നേരം 4.15ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 4.10ന് താംബരത്ത് എത്തും.
നിലവിൽ 12, 19, 26 തീയതികളിലാണ് സർവീസ്. (എല്ലാം ഞായറാഴ്ചകൾ). വള്ളിയൂർ, തിരുനെൽവേലി ജംഗ്ഷൻ, കോവിൽപ്പട്ടി, സാറ്റൂർ, വിരുദനഗർ, മധുര ജംഗ്ഷൻ, ദിണ്ടുഗൽ ജംഗ്ഷൻ, തിരുച്ചിറപ്പള്ളി ജംഗ്ഷൻ, വൃദ്ധാചലം, വില്ലുപുരം, ചെങ്കൽപ്പെട്ട് എന്നിവയാണ് സ്റ്റോപ്പുകൾ.
തിരികെ താംബരം-നാഗർകോവിൽ റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിൻ താംബരത്ത് നിന്ന് രാവിലെ 8.05 - ന് പുറപ്പെടും. അന്ന് രാത്രി 8.45ന് നാഗർകോവിലിൽ എത്തും. ആറ്, 13, 20, 27 തീയതികളിലാണ് സർവീസ്. (എല്ലാം തിങ്കളാഴ്ചകളിൽ). മറ്റ് ചില റൂട്ടുകളിലും ഉത്സവകാല സ്പെഷൽ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേയ്ക്ക് പദ്ധതിയുണ്ട്.