സർക്കാർ സ്കൂളിലെ 50 വിദ്യാർഥിനികൾക്ക് പീഡനം; പ്രഥമാധ്യാപകൻ അറസ്റ്റിൽ
Sunday, November 5, 2023 5:04 PM IST
ജിന്ദ്: ഹരിയാനയിലെ സർക്കാർ സ്കൂളിൽ വിദ്യാർഥിനികളെ പീഡനത്തിനിരയാക്കിയ പ്രഥമാധ്യാപകൻ അറസ്റ്റിൽ. കുറ്റാരോപിതനായ പ്രിൻസിപ്പലിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തുവെന്ന് കേസ് അന്വേഷിക്കുന്ന അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അമിത് കുമാർ ഭാട്ടിയ ഫോണിൽ പറഞ്ഞു.
ജിന്ദ് ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ 50 ലധികം വിദ്യാർഥിനികളാണ് പ്രഥമാധ്യാപകനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതെന്ന് ഹരിയാന സംസ്ഥാന വനിതാ കമ്മീഷൻ അറിയിച്ചു.
അഞ്ച് ദിവസമായി ഇയാൾ ഒളിവിലായിരുന്നു, പക്ഷേ അന്വേഷണ സംഘം പ്രതിയെ പിടികൂടി. ഇയാളെ കോടതിയിൽ ഹാജരാക്കും. കൂടുതൽ അന്വേഷണങ്ങൾക്കായി അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.-അമിത് കുമാർ ഭാട്ടിയ പറഞ്ഞു.
സ്കൂളിലെ 50 വിദ്യാർഥിനികളാണ് പ്രഥമാധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പരാതിയെ തുടർന്ന് ജിന്ദ് ഭരണകൂടം സസ്പെൻഡ് ചെയ്ത സ്കൂൾ അധ്യാപകനെതിരെ ഹരിയാന പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു.