മഹാദേവ് ആപ് ഉൾപ്പെടെ 22 ബെറ്റിംഗ് ആപ്പുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം
Sunday, November 5, 2023 10:41 PM IST
ന്യൂഡൽഹി: ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓൺലൈൻ വാതുവയ്പ് ശൃംഖലയായ മഹാദേവ് ബെറ്റിംഗ് ആപ്പ് ഉൾപ്പെടെ 22 ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്രസർക്കാർ. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഐടിമന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.
നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച വെബ്സൈറ്റുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചതായും ഐടി മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
"‘അനധികൃത വാതുവയ്പ് ആപ് സിൻഡിക്കറ്റുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളുടെയും ഛത്തീസ്ഗഡിലെ മഹാദേവ് ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ടുള്ള റെയ്ഡുകളുടെയും പശ്ചാത്തലത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി’’-ഐടി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
നേരത്തേ, ഛത്തീസ്ഗഡിൽ നടത്തിയ റെയ്ഡിൽ അസീം ദാസ് എന്ന ഹവാല ഇടപാടുകാരനിൽനിന്ന് 5.39 കോടി രൂപ കഴിഞ്ഞ ദിവസം ഇഡി പിടിച്ചെടുത്തിരുന്നു. മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാരുടെ പണവുമായി യുഎഇയിൽനിന്ന് എത്തിയതാണെന്നും തെരഞ്ഞെടുപ്പ് ചെലവുകൾക്കായി ബാഗൽ എന്നയാൾക്കു നൽകാനായിരുന്നു നിർദേശമെന്നും ഇയാൾ വെളിപ്പെടുത്തിയതായി ഇഡി അറിയിച്ചു.
ദാസിന്റെ ഫോൺ പരിശോധിച്ചപ്പോൾ മഹാദേവ് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനായ ശുഭം സോണി അയച്ച ഇ മെയിൽ ലഭിച്ചു. ബാഗലിന് ഇതുവരെ 508 കോടി രൂപ നൽകിയതിന്റെ വിശദാംശങ്ങൾ ഇതിൽനിന്നാണു ലഭിച്ചതെന്നും ഇഡി വ്യക്തമാക്കിയിരുന്നു.