ഹരിയാനയിൽ ഗ്രാമങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് സൗജന്യ ഗതാഗത സൗകര്യം
Sunday, November 5, 2023 11:48 PM IST
ചണ്ഡിഗഡ്: ഹരിയാനയിലെ ഗ്രാമങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് സൗജന്യ ഗതാഗത സൗകര്യം നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ.
കർണാൽ ജില്ലയിലെ രത്തൻഗഡ് ഗ്രാമത്തിൽ നടന്ന 'ജൻ സംവാദ്' പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50ലധികം വിദ്യാർഥികളുള്ള ഗ്രാമങ്ങളിലേക്ക് ഗതാഗത വകുപ്പ് ബസ് സർവീസുകളും 30 മുതൽ 40 വരെ വിദ്യാർഥികളുള്ള ഗ്രാമങ്ങളിലേക്ക് മിനിബസുകളും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളുടെ എണ്ണം അഞ്ചിനും പത്തിനും ഇടയിൽ വരുന്ന ഗ്രാമങ്ങളിൽ ആവശ്യമായ ഗതാഗത സഹായം നൽകാൻ വിദ്യാഭ്യാസ വകുപ്പ് ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികളെ സ്കൂളിലേക്കും തിരികെ വീട്ടിലേക്കും കൊണ്ടുപോകും. രാവിലെ ഏഴിനാണ് സർവീസ് ആരംഭിക്കുന്നത്.
കർണാലിൽ പദ്ധതി വിജയകരമായി നടപ്പാക്കിയതിന് ശേഷം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് ഈ സേവനം സൗജന്യമാണ്. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ചെലവ് വഹിക്കും.
സമൂഹത്തിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തികളുടെ പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനായി "ജൻ സംവാദ്' പരിപാടിയിലൂടെ സംസ്ഥാന സർക്കാർ ഗ്രാമങ്ങളിലും വാർഡുകളിലും സജീവമായി ഇടപഴകുകയാണെന്ന് മനോഹർ ലാൽ ഖട്ടാർ പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ, ഒരു കോടിയോളം ആളുകൾക്ക് വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ നൽകി. ഓരോ കുടുംബത്തിന്റെയും ജീവിത നിലവാരം ഉയർത്തുകയും അവരുടെ സാമ്പത്തിക സ്ഥിരത വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്നും മനോഹർലാൽ ഖട്ടർ പറഞ്ഞു.