മൂവാറ്റുപുഴയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ മരണം കൊലപാതകം; പ്രതി കേരളം വിട്ടെന്ന് സൂചന
Monday, November 6, 2023 9:54 AM IST
കൊച്ചി: മൂവാറ്റുപുഴയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ മരണം കൊലപാതകമെന്ന് പോലീസ്. പ്രതിയെന്ന് സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളി സംസ്ഥാനം വിട്ടെന്നാണ് സൂചന.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അടൂപറമ്പിലെ തടിമില്ലില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആസാം സ്വദേശികളായ മോഹന്തോ, ദീപങ്കര്‍ ബസുമ എന്നിവരാണ് മരിച്ചത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം.
തടിമില്ലില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശി ഗോപാലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
മരിച്ച രണ്ട് പേരുടെയും മൊബൈല്‍ ഫോണുകള്‍ കാണാനില്ല. ഫോണുകള്‍ കൈക്കലാക്കിയ ശേഷം പ്രതി കടന്നുകളഞ്ഞതാകാമെന്ന് പോലീസ് പറഞ്ഞു.
സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.