കെഎസ്യു സംസ്ഥാന അധ്യക്ഷൻ നിരാഹാരം അവസാനിപ്പിച്ചു
Monday, November 6, 2023 4:42 PM IST
തൃശൂർ: കേരളവര്‍മ കോളജിലെ ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പേരിൽ നടത്തിയിരുന്ന നിരാഹാര സമരം കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ അവസാനിപ്പിച്ചു.
കോളജിൽ കെഎസ്യുവിന്റെ ചെയർമാൻ സ്ഥാനാർഥിയായിരുന്ന ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയിൽ തെരഞ്ഞെടുപ്പ് രേഖകൾ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് കോടതി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് നാരങ്ങാവെള്ളം നൽകിയാണ് സമരം അവസാനിപ്പിച്ചത്. നിരാഹാരം അവസാനിപ്പിച്ചുവെങ്കിലും നിയമപോരാട്ടവും പ്രതിഷേധങ്ങളും തുടരുമെന്ന് കെഎസ്യു വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ വിഷയത്തിൽ കെഎസ്യു ശക്തമായ പ്രതിഷേധം തുടരുകണ്. കേരളവർമ കോളജിലേക്കും തലസ്ഥാനത്ത് മന്ത്രി ആർ.ബിന്ദുവിന്റെ വസതിയിലേക്ക് കെഎസ്യു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.
തലസ്ഥാനത്തെ സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. മണിക്കൂറുകളോളം പോലീസും പ്രവർത്തകരും തിരുവനന്തപുരം നഗരത്തിലെ തെരുവിൽ ഏറ്റുമുട്ടി. മൂന്ന് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.