പാസഞ്ചറുകള്‍ എക്സ്പ്രസുകളായി; ലാഭം മാത്രം ലക്ഷ്യമിട്ട് റെയിൽവേ
സ്വന്തം ലേഖകന്‍
Monday, November 6, 2023 6:04 PM IST
കോഴിക്കോട്: പാസഞ്ചറുകളെല്ലാം എക്സ്പ്രസുകളാക്കി മാറ്റിയതോടെ റെയിൽവേയ്ക്കുണ്ടായത് വലിയ സാമ്പത്തിക ലാഭം. പാസഞ്ചർ ട്രെയിന്‍ 10 രൂപയായിരുന്നു മിനിമം ചാർജെങ്കിൽ പകരം വന്ന അൺറിസർവ്ഡ് എക്സ്പ്രസിൽ 30 രൂപയാണ്.
കോവിഡ് കാലത്ത് നിർത്തിയ പാസഞ്ചർ സർവീസ് സമ്മർദത്തിനൊടുവിൽ രണ്ടുവർഷത്തിനുശേഷം 2022 ജൂലൈയിലാണ് എക്സ്പ്രസുകളാക്കി പുനഃസ്ഥാപിച്ചത്. പാസഞ്ചർ സ്റ്റോപ്പുകളും എക്സ്പ്രസ് നിരക്കും എന്നതാണ് സ്ഥിതി. ഇതുവഴി ഇരട്ടി വരുമാനമാണ് റെയില്‍വേയ്ക്കുണ്ടായത്.
ഏറെ യാത്രക്കാർ ആശ്രയിക്കുന്ന കോയമ്പത്തൂർ-മംഗളൂരു, പുനലൂർ-മധുര പാസഞ്ചർ ഉൾപ്പെടെ 20 ട്രെയിനുകളും പാസഞ്ചർ സർവീസായി ഓടേണ്ടതായിരുന്നു. ഇവ അൺറിസർവ്ഡ് എക്സ്പ്രസായാണ് ഇപ്പോള്‍ സർവീസ് നടത്തുന്നത്.
ഷൊർണൂർ-തൃശൂർ, ഷൊർണൂർ-നിലമ്പൂർ, തൃശൂർ-കണ്ണൂർ, കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, കോഴിക്കോട്-ഷൊർണൂർ, ചെറുവത്തൂർ-കണ്ണൂർ, കണ്ണൂർ-മംഗളൂരു, നാഗർകോവിൽ-കൊച്ചുവേളി എന്നിവയിൽ വലിയ തിരക്കാണ്. ഇതിൽ കൂടുതൽപേരും സ്വകാര്യ ജോലികൾക്കായി പോകുന്നവരാണ്.
മുതിർന്ന യാത്രക്കാർക്കുള്ള യാത്രാസൗജന്യം നിർത്തലാക്കിയതും പാസഞ്ചർ സർവീസ് പൂർണമായി റദ്ദാക്കുന്നതും സാധാരണക്കാർക്ക് ഏറെപ്രയാസമുണ്ടാക്കുന്നു. ഇതിന് പുറമേയാണു സ്ലീപ്പർ കോച്ചുകൾ എസി കോച്ചുകളായി മാറ്റുന്നത് തുടരുന്നതും.
എട്ട് ട്രെയിനുകളുടെ ഒന്ന് വീതം കോച്ചുകളാണ് സെപ്റ്റംബറിൽ മാത്രം എസി കോച്ചാക്കിയത്. യാത്രക്കാരുടെ തിരക്ക് ഏറെയുണ്ടെങ്കിലും ദീർഘദൂര ട്രെയിനുകളിലെ ജനറൽ കോച്ചുകൾ റെയിൽവേ വെട്ടിക്കുറച്ചു.