ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനം; ബിഎസ്എഫ് ജവാനും പോളിംഗ് ഉദ്യോഗസ്ഥർക്കും പരിക്ക്
Monday, November 6, 2023 8:25 PM IST
റായ്പുർ: ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനത്തിൽ പോളിംഗ് ഉദ്യോഗസ്ഥർക്കും ബിഎസ്എഫ് കോൺസ്റ്റബിളിനും പരിക്ക്. കങ്കറിലാണ് സംഭവം.
ഒരു ബോർഡർ സെക്യൂരിറ്റി ഫോഴ്സ് കോൺസ്റ്റബിളിനും രണ്ട് പോളിംഗ് ഉദ്യോഗസ്ഥർക്കുമാണ് പരിക്കേറ്റത്. ബിഎസ്എഫിന്റെയും ജില്ലാ സേനയുടെയും സംയുക്ത സംഘം പോളിംഗ് ഉദ്യോഗസ്ഥരുമായി ക്യാമ്പ് മാർബേഡയിൽ നിന്ന് റെങ്കഗൊണ്ടി പോളിംഗ് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് സ്ഫോടനം നടന്നത്.
ബിഎസ്എഫ് കോൺസ്റ്റബിൾ പ്രകാശ് ചന്ദിനാണ് പരിക്കേറ്റത്. കാലുകൾക്ക് പരിക്കേറ്റ അദ്ദേഹത്തെ ചികിത്സയ്ക്കായി ഛോട്ടേപേത്തിയയിലേക്ക് മാറ്റി. നിസാര പരിക്കേറ്റ രണ്ട് പോളിംഗ് ഓഫീസർമാരും ചികിത്സയിലാണ്.
ബാക്കിയുള്ള പോളിംഗ് ഉദ്യോഗസ്ഥരെ അന്തഗഢ് അസംബ്ലി നിയോജക മണ്ഡലത്തിൽ പെടുന്ന റെങ്കഗൊണ്ടി പോളിംഗ് ബൂത്തിൽ സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്.