അടുത്ത മൂന്നു വർഷത്തേക്ക് ഉണ്ടാകാനിടയുള്ള ഒഴിവുകൾ തൽക്കാലം അറിയിക്കാനാവില്ല; കെഎസ്ഇബി
Tuesday, November 7, 2023 6:47 AM IST
തിരുവനന്തപുരം : സിവിൽവിഭാഗം സബ് എൻജിനിയർ തസ്തികയിൽ അടുത്ത മൂന്നുവർഷം ഉണ്ടാകാനിടയുള്ള ഒഴിവുകൾ തൽക്കാലം അറിയിക്കാനാവില്ലെന്ന് വ്യക്തമാക്കി കെഎസ്ഇബി.
ഒഴിവുകൾ അറിയിക്കാൻ പിഎസ്സി ആവശ്യപ്പെട്ടപ്പോഴാണ് കെഎസ്ഇബി ഇക്കാര്യം തുറന്നു പറഞ്ഞത്.
ജീവനക്കാരുടെ എണ്ണം കുറച്ചും അനാവശ്യ തസ്തികകൾ ഒഴിവാക്കിയും കെഎസ്ഇബി പുനഃസംഘടിപ്പിക്കണമെന്നത് ദീർഘകാലമായുള്ള ശിപാർശയാണ്.
വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പലതവണ ഇത് ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരുടെ എണ്ണം അധികമാകുന്നത് കെഎസ്ഇബിയ്ക്ക് അമിതഭാരം ആകുന്നുവെന്നതും അവരുടെ ചെലവുകൂടി ഉൾപ്പെടുന്നതിനാൽ വൈദ്യുതിനിരക്ക് ഉയരുന്നതുമാണ് കമ്മിഷനെ ഇതിനായി പ്രേരിപ്പിച്ചത്.
2017ൽ കോഴിക്കോട് ഐഎംഎമ്മിന്റെ റിപ്പോർട്ട് പ്രകാരം പുനഃസംഘടനയ്ക്ക് തീരുമാനിച്ചെങ്കിലും എങ്ങും എത്തിയില്ല. 2022 ജൂലൈയിൽ ജീവനക്കാരുടെ എണ്ണം 30,321 മതിയെന്ന് റെഗുലേറ്ററി കമ്മീഷൻ ഉത്തരവിട്ടു.
2009ൽ ജീവനക്കാരുടെ എണ്ണം 27,175 ആയിരുന്നു. ഇത് 2018-19-ൽ 33,314 ആയെന്നും ജീവനക്കാർ വർധിച്ചതനുസരിച്ച് അവരുടെ ശമ്പളച്ചെലവുകൂടി അംഗീകരിക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കമ്മീഷന്റെ വിധി.
നിലവിൽ 31,371 ജീവനക്കാരാണുള്ളതെന്നും അതിൽ 30,321 പേരുടെ ശമ്പളച്ചെലവേ അംഗീകരിക്കൂവെന്നും കമ്മീഷൻ വ്യക്തമാക്കി.
ശേഷിക്കുന്ന 1050 ജീവനക്കാരുടെ ചെലവ് കമ്മീഷൻ അംഗീകരിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് പുനഃസംഘടനയ്ക്ക് കെഎസ്ഇബി തയ്യാറെടുത്തത്.
നിലവിലെ കണക്കനുസരിച്ച് കമ്മീഷൻ അംഗീകരിച്ചതിനേക്കാളും കുറവ് ജീവനക്കാർ മാത്രമേ കെഎസ്ഇബിയിൽ ഉള്ളൂവെന്നും പുനഃസംഘടനയുടെ പേരിൽ അനാവശ്യമായി നിയമനനിരോധനം ഏർപ്പെടുത്തുന്നുവെന്നുവെന്നുമാണ് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നത്.