പിറന്നാൾ സമ്മാനമായി ലഭിച്ചത് ഗ്രനേഡ് പെട്ടി; യുക്രെയ്ൻ സൈനിക ഉപദേഷ്ടാവിന് ദാരുണാന്ത്യം
Tuesday, November 7, 2023 11:17 AM IST
കീവ്: ജന്മദിന സമ്മാനങ്ങൾക്കിടയിലെ ഗ്രനേഡ് പൊട്ടിത്തെറിച്ച് യുക്രെയ്ൻ സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെട്ടു. യുക്രെയ്ൻ സൈനിക കമാൻഡർ ഇൻ ചീഫ് ജനറൽ വലേറി സലുഷ്നിയുടെ ഉപദേഷ്ടാവായ മേജർ ജെന്നഡി ചാസ്ത്യാകോവ് ആണ് മരിച്ചത്. ജനറൽ വലേറി സലുഷ്നി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
തനിക്ക് സമ്മാനമായി ലഭിച്ച ഗ്രനേഡുകളുള്ള ഒരു പെട്ടി ചാസ്ത്യാകോവ് മകനെ കാണിക്കുകയായിരുന്നു. ആദ്യം, മകൻ ഒരു ഗ്രനേഡ് കൈയിലെടുത്ത് അതിലെ റിംഗ് തിരിക്കാൻ തുടങ്ങി. കുട്ടിയിൽ നിന്ന് ഗ്രനേഡ് വാങ്ങിയ ചാസ്ത്യാകോവ് റിംഗ് വലിക്കുകയും ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി ഇഗോർ ക്ലിമെൻകോ പ്രസ്താവനയിൽ പറഞ്ഞു.
മാരകമായ സമ്മാനം നൽകിയ സഹപ്രവർത്തകനായ സൈനികനെ പോലീസ് തിരിച്ചറിഞ്ഞു. സമാനമായ രണ്ട് ഗ്രനേഡുകൾ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
2022 ഫെബ്രുവരിയിൽ റഷ്യൻ യുക്രെയ്ൻ ആക്രമിച്ചതുമുതൽ, രാജ്യത്തിന്റെ സായുധ സേനയ്ക്കും റഷ്യൻ ആക്രമണത്തിനെതിരായ പോരാട്ടത്തിനും വേണ്ടി തന്റെ ജീവിതം പൂർണമായും സമർപ്പിക്കുകയായിരുന്നു ചാസ്ത്യാകോവെന്നും ജനറൽ വലേറി സലുഷ്നി കൂട്ടിച്ചേർത്തു.