ലീഗിനെ വിടാതെ സിപിഎം; പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ഇനിയും ക്ഷണിക്കുമെന്ന് പി.മോഹനൻ
Tuesday, November 7, 2023 7:47 PM IST
കോഴിക്കോട്: സിപിഎം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിംലീഗിനെ ഇനിയും ക്ഷണിക്കുമെന്ന് വ്യക്തമാക്കി കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ.
സിപിഎം വേദിയിൽ പങ്കെടുക്കാനുള്ള സാങ്കേതിക തടസം മാറ്റേണ്ടത് ലീഗ് നേതൃത്വമാണ്. ആര്യാടൻ ഷൗക്കത്തിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും പി. മോഹനൻ പറഞ്ഞു.
സിപിഎം റാലിയോട് ലീഗിന്റെ നിലപാട് പോസിറ്റീവാണ്. പി. കെ. കുഞ്ഞാലിക്കുട്ടി റാലിക്ക് ആശംസ നേർന്നത് ഗുണം ചെയ്യും. ലീഗ് പങ്കെടുക്കണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്.
സാങ്കേതിക തടസങ്ങൾ നീക്കി പങ്കെടുക്കാൻ സാധിക്കട്ടെയെന്നും പി മോഹനൻ വ്യക്തമാക്കി. ആര്യാടൻ ഷൗക്കത്തും റാലിയിൽ പങ്കെടുക്കണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്.
പക്ഷേ ഷൗക്കത്തിന്റെ പ്രതികരണങ്ങൾ നോക്കിയാകും സംഘാടക സമിതി ഔദ്യോഗികമായി അദ്ദേഹത്തെ ക്ഷണിക്കുക.
പലസ്തീൻ ഐക്യദാർഢ്യ റാലിയിലൂടെ സിപിഎമ്മിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പി മോഹനൻ പറഞ്ഞു. നവംബർ 11ന് കോഴിക്കോട്ട് നടത്തുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.