കോൺഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി അഖിലേഷ് യാദവ്
Wednesday, November 8, 2023 12:39 AM IST
നിവാരി(മധ്യപ്രദേശ്): കോൺഗ്രസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും ഭരിച്ചിട്ടുണ്ടെങ്കിലും കർഷകർക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ നിവാരി ജില്ലയിൽ എസ്പി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്നും ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും ഇവിടെയുണ്ടെന്നും ഇരട്ട എൻജിൻ സർക്കാരിന് തൊഴിലില്ലായ്മയും പണപ്പെരുപ്പവും കുറയ്ക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിവാരിയിൽ നേരത്തെ എസ്പി വിജയിച്ചിട്ടുണ്ടെന്നും ഇത്തവണയും എസ്പി സ്ഥാനാർഥി ജയിക്കുമെന്നും ഇവിടത്തെ അന്തരീക്ഷം ബിജെപിക്കും കോൺഗ്രസിനും എതിരാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.
" ഇന്ത്യ' മുന്നണിയിലെ ഘടകകക്ഷിയായ സമാജ്വാദി പാർട്ടി മധ്യപ്രദേശിലെ സീറ്റുവിഭജത്തെച്ചൊല്ലി കോൺഗ്രസുമായി കലഹിച്ച് 72 സീറ്റുകളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.