ബില്ലിൽ ഒപ്പുവയ്ക്കാതെ ഗവർണർ; കേരളം വീണ്ടും സുപ്രീം കോടതിയിൽ
Wednesday, November 8, 2023 11:24 AM IST
ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ നിയമപോരാട്ടം വീണ്ടും കടുപ്പിച്ച് കേരളം. ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയിൽ വീണ്ടും ഹർജി സമീപിച്ചു. പ്രത്യേക അനുമതി ഹർജിയാണ് കേരളം സമർപ്പിച്ചിരിക്കുന്നത്.
2022 നവംബറില്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിക്ക് എതിരെയാണ് കേസിലെ കക്ഷിയായിരുന്ന സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഒരാഴ്ചക്കിടെ സർക്കാർ ഗവർണർക്കെതിരെ നൽകുന്ന രണ്ടാമത്തെ ഹർജിയാണിത്.
ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍ കേരളത്തിലെ ജനങ്ങളോടും നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് സർക്കാർ ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയും നിയമ സെക്രട്ടറിയുമാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
നിയമസഭ പാസാക്കിയ എട്ടു ബില്ലുകളില്‍ തീരുമാനം വൈകിക്കുന്ന ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന ചീഫ് സെക്രട്ടറിയും ടി.പി. രാമകൃഷ്ണന് എംഎല്‍എയും കഴിഞ്ഞയാഴ്ച സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
റിട്ട് ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് സംസ്ഥാനം ഗവര്‍ണറുടെ നടപടിക്കെതിരെ പ്രത്യേക അനുമതി ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.