കാട്ടാനയുടെ വാലിൽ പിടിച്ചു വലിച്ചു; യുവാവ് അറസ്റ്റിൽ
Wednesday, November 8, 2023 4:31 PM IST
ഭുവനേശ്വർ: ഒഡീഷയിൽ കാട്ടാനയുടെ വാലിൽ പിടിച്ച് വലിച്ച് പ്രകോപനം സൃഷ്ടിച്ചയാൾ അറസ്റ്റിൽ. അംഗുൽ ജില്ലയിലെ താൽച്ചർ ഫോറസ്റ്റ് റേഞ്ചിലെ കുലാഡ് ഗ്രാമവാസിയായ ദിനേശ് സാഹൂ(24) ആണ് അറസ്റ്റിലായത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച കുളാടിനു സമീപം ചുറ്റി സഞ്ചരിക്കുകയായിരുന്ന ആനയെ സാഹുവും സുഹൃത്തുക്കളും ഓടിച്ചിരുന്നു. ആനയെ പിന്തുടരുന്നതിനിടെ, പ്രതി അതിന്റെ വാലിൽ പിടിച്ചു വലിച്ചു. ഇതോടെ കലിപൂണ്ട ആന ആളുകൾക്ക് നേരെ തിരിയുകയായിരുന്നു.
എന്നാൽ ആർക്കും പരിക്കില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതേതുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വന്യജീവി നിയമപ്രകാരം വന്യമൃഗങ്ങളെ ഉപദ്രവിക്കുന്നത് കണ്ടെത്തിയാൽ മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.