ഭരണഘടനാ ബാധ്യതയ്ക്കനുസരിച്ച് പ്രവർത്തിക്കണം: ഗവർണറെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
Wednesday, November 8, 2023 8:35 PM IST
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവര്‍ണര്‍ക്ക് പല ലക്ഷ്യങ്ങളുണ്ട്. വ്യക്തിപരമായ പല അജണ്ടകളും അദ്ദേഹത്തിന് ഉണ്ടാകാമെന്നും പിണറായി വിജയന് വിമര്‍ശിച്ചു.
ഗവർണർ ഭരണഘടനാ ബാധ്യതക്കനുസരിച്ച് പ്രവര്‍ത്തിക്കണം. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാതെ താൻ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന നിലപാട് ഗവർണർ സ്വീകരിക്കുന്നത് നിർഭാഗ്യകരമാണ്.
ഗവർണറുടെ ചുമതലകൾ എന്താണെന്ന് കോടതികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത് അറിയാത്ത വ്യക്തിയല്ല ഗവർണർ. ബിൽ അവതരിപ്പിച്ച മന്ത്രിമാർ ഗവർണറെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു.
അതിൽപരം ആരാണ് അദേഹത്തെ കാണാൻ പോകേണ്ടത്. ഒരു ഘട്ടത്തിൽ താൻ നേരിട്ടു ഗവർണറെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചതാണ്. പിന്നീട് ബില്ല് അവതരിപ്പിച്ച മന്ത്രിമാർ വരുമെന്ന് ഗവർണർക്ക് എഴുതികൊടുത്തു.
ബില്ല് ഒപ്പിടാത്തതിൽ ഗവർണർക്ക് പല ലക്ഷ്യങ്ങളുണ്ടാകും. അതു സർക്കാരിനെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമല്ല. ഗവർണർക്ക് ചില അജണ്ടകളുണ്ടാകും. അതേക്കുറിച്ചു പ്രവചനം നടത്താന്‍ താൻ ആളല്ല. കണ്ട് മനസിലാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തത് കേരളത്തിന്റെ മാത്രം പ്രശ്നമല്ല. ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ അഭിപ്രായം വന്നു കഴിഞ്ഞു. അപ്പോൾ ഭരണഘടനാ പദവിയിലിരിക്കുന്ന ആൾ മറിച്ചൊരു അഭിപ്രായം പറയുന്നതെങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
സപ്ലൈക്കോയ്ക്ക് മാത്രമല്ല പല മേഖലകളിലും സാമ്പത്തിക പ്രതിസന്ധിയുണ്ട്. ന്യായമായ പരിഹാരം കാണാനാണ് ആലോചിക്കുന്നത്. ക്ഷേമപദ്ധതികളിൽനിന്നു സർക്കാർ പിൻമാറില്ല. രാജ്യത്തിന്റെ ചില ഭാഗങ്ങൾ കേന്ദ്ര അവഗണന നേരിടുന്നു.
അത്തരം സർക്കാരുകളുമായി ബന്ധപ്പെട്ട് ചർച്ച നടത്തും. യോജിച്ച് നിയമ നടപടികൾ സ്വീകരിക്കാനാകുമോയെന്നും പരിശോധിക്കും. കേരളീയത്തിനായി സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയ പണത്തിന്റെ കണക്കുകൾ പുറത്തുവരും. കണക്ക് മറച്ചുവയ്ക്കേണ്ട കാര്യം സർക്കാരിനില്ല. കണക്ക് പുറത്തുവരാൻ സമയമെടുക്കും. ഇന്നലെയാണ് പരിപാടി അവസാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.