കണ്ടല സഹകരണബാങ്ക് തട്ടിപ്പ്; ഭാസുരാംഗൻ ഇഡി കസ്റ്റഡിയിൽ
Wednesday, November 8, 2023 9:38 PM IST
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ. പൂജപ്പുരയിലെ വീട്ടിൽ നടന്ന ഇഡി റെയ്ഡിന് പിന്നാലെയാണ് ഭാസുരാംഗനെ എൻഫോഴ്സ്മെന്റ് അധികൃതർ കസ്റ്റഡിയിൽ എടുത്തത്. ഇഡി ഭാസുരാംഗനെ കണ്ടലയിലെ വീട്ടിലേക്ക് കൊണ്ടുപോയി.
ഇന്ന് പുലർച്ചെ മുതലാണ് ഭാസുരാംഗന്റെ സ്ഥാപനങ്ങളിലും വീട്ടിലും ഇഡി പരിശോധന ആരംഭിച്ചത്. പൂജപ്പുരയിലെ വസതിയിലെ പരിശോധന പൂർത്തിയായി. വീട്ടിൽ നിന്ന് കണ്ടെത്തിയ രേഖകൾ കസ്റ്റഡിയിലെടുത്തു.
സിപിഐ നേതാവാണ് ഇദ്ദേഹം. 101 കോടിയുടെ തട്ടിപ്പാണ് ബാങ്കിൽ കണ്ടെത്തിയത്. ഒരു പ്രമാണം വച്ച് നിരവധി വായ്പ്പകൾ എടുത്തതിന്റെ തെളിവും ലഭിച്ചിരുന്നു.
പലതവണയായി 3.20 കോടി രൂപ എട്ട് വർഷത്തിനിടെ ഭാസുരാംഗൻ വായ്പയെടുത്തു. ഇത് 14 സെന്റ് വസ്തുവിന്റെ ആധാരം ഉപയോഗിച്ചായിരുന്നു.
എട്ട് തവണയായി ഒരുകോടി രൂപ ഭാസുരാംഗന്റെ മകന്റെ പേരിൽ ലോണായെടുക്കുകയും ചെയ്തെന്ന് കണ്ടെത്തി. പണമൊന്നും തിരികെ അടക്കാതെയായിരുന്നു ഇത്.
ഈയിടെയാണ് കണ്ടല സഹകരണബാങ്ക് ഭരണ സമിതി രാജിവെച്ചത്. നിലവിൽ ബാങ്കിൽ അഡ്മിനിസട്രേറ്റീവ് ഭരണമാണ്. കണ്ടല സഹകരണ ബാങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ പരിശോധന നടന്നിരുന്നു.