ഐഎസുമായി ബന്ധമുള്ളയാൾ ഛത്തീസ്ഗഡിൽ പിടിയിൽ
Wednesday, November 8, 2023 10:28 PM IST
റായ്പുർ: ഛത്തീസ്ഗഡിൽ ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളയാൾ പിടിയിൽ. ഉത്തർപ്രദേശ് എടിഎസിന്റെയും (ആന്റി ടെററിസ്റ്റ് സ്ക്വാഡ്) ഛത്തീസ്ഗഢ് പോലീസിന്റെയും സംയുക്ത സംഘമാണ് ഇയാളെ പിടികൂടിയത്.
ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ വാജിഹുദ്ദീൻ എന്നയാളെ ദുർഗ് ജില്ലയിലെ സുപേല പോലീസ് സ്റ്റേഷൻ പരിധിയിലെ സ്മൃതി നഗറിൽ നിന്നാണ് പിടികൂടിയത്. 24 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടിയത്.
ദുർഗ് പോലീസ് വാജിഹുദ്ദീനെ യുപി എടിഎസിന് കൈമാറിയെന്നും കോടതിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ നടന്നുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രാഥമിക ചോദ്യം ചെയ്യലിൽ, താൻ അലിഗഢ് മുസ്ലീം സർവകലാശാലയിലെ വിദ്യാർഥികളുമായി ബന്ധപ്പെട്ടിരുന്നതായും ഐഎസിന്റെ (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ,) പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നയാളാണെന്നും അറിയിച്ചു.
ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ഐഎസ് ഭീകരനായ മുഹമ്മദ് റിസ്വാനുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു.