കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ കാട്ടാന ചരിഞ്ഞ നിലയില്‍. കുറിച്യാട് റേഞ്ചിലെ വളാഞ്ചേരികുന്ന് പുള്ളിമൂലയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ചതുപ്പ് പ്രദേശത്താണ് 20 വയസുള്ള ആനയുടെ ജഡം കണ്ടെത്തിയത്.

സോളാര്‍ ഫെന്‍സിംഗും സുരക്ഷാ കിടങ്ങും ഉള്ള ഭാഗത്താണ് ആനയുടെ ജഡം കിടന്നിരുന്നത്.
ഫെന്‍സിംഗില്‍ നിന്ന് ഷോക്കേറ്റാണോ ആന ചരിഞ്ഞത് എന്ന് വ്യക്തമായിട്ടില്ല. സംഭവ സ്ഥലത്തിന് അരക്കിലോമീറ്റര്‍ ചുറ്റളവില്‍ വൈദ്യുതി ലൈനുകളുമില്ല എന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.

വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ദിനേശ്കുമാര്‍, കുറിച്യാട് അസിസ്റ്റന്‍റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. സലിം എന്നിവരുടെ മേല്‍നോട്ടത്തില്‍ ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ അജേഷ് മോഹനന്‍ ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്തി. ശേഷം സംസ്‌കരിച്ചു.