കർണാടകയിൽ വാഹനാപകടം; മൂന്ന് മാസം പ്രായമുള്ള കുട്ടിയുൾപ്പടെ ആറു പേർ മരിച്ചു
Thursday, November 9, 2023 11:00 PM IST
ബംഗുളൂരു: കർണാടകയിൽ ഓട്ടോ റിക്ഷയും സിമന്റ് ടാങ്കറും കൂട്ടിയിടിച്ച് മൂന്ന് മാസം പ്രായമുള്ള കുട്ടി ഉൾപ്പടെ ആറു പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്.
കൽബുർഗിയിലെ ഹലകാർത്തി ഗ്രാമത്തിൽ ദേശീയപാതയിൽ ഇന്ന് വൈകിട്ടാണ് സംഭവം. കുടുംബത്തോടൊപ്പം ഓട്ടോറിക്ഷയിലുണ്ടായിരുന്ന 10 വയസുകാരൻ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തെ തുടർന്ന് സിമന്റ് ടാങ്കർ ഓട്ടോ റിക്ഷയെ 20 മീറ്ററോളം വലിച്ചുകൊണ്ടുപോയി. നളവര സ്വദേശികളായ മരിച്ചവർ. ആധാർ കാർഡ് തിരുത്തുന്നതിനായി കലബുറഗി ജില്ലയിലെ ചിറ്റാപൂർ താലൂക്കിൽ പോയ ഇവർ, തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ഓട്ടോറിക്ഷ ഡ്രൈവർ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.