ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവം; ഗാര്‍ഹിക പീഡനമാണെന്ന പരാതിയുമായി ബന്ധുക്കള്‍
വെബ് ഡെസ്ക്
Friday, November 10, 2023 12:40 AM IST
കോട്ടയം: അതിരമ്പുഴയില്‍ 24കാരി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍. ഗാര്‍ഹിക പീഡനമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി ഇവർ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ചൊവാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ ഷൈമോള്‍ സേവ്യറെ ഭര്‍ത്താവ് അനിലും ബന്ധുക്കളും ചേര്‍ന്ന് നിരന്തരമായ ശാരീരിക-മാനസിക പീഡനത്തിന് ഇരയാക്കിയെന്നും യുവതി തൂങ്ങി മരിക്കാന്‍ ശ്രമിച്ച കാര്യം ഭര്‍തൃവീട്ടുകാര്‍ അറിയിക്കാന്‍ വൈകിയതില്‍ സംശയമുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ ഭര്‍ത്താവ് അനിലിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു. അതിരമ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവർ അനില്‍ സേവ്യറുമായി നാലു വര്‍ഷം മുന്‍പായിരുന്നു ഷൈമോളുടെ വിവാഹം. പ്രണയവിവാഹമായിരുന്നു ഇത്.
ആദ്യനാളുകളില്‍ ഇരുവരും തമ്മില്‍ പ്രശ്‌നമൊന്നുമില്ലായിരുന്നുവെങ്കിലും പിന്നീട് വഴക്ക് പതിവായി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷൈമോളെ അനില്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മനോവിഷമം മൂലം കഴിഞ്ഞ ഞായറാഴ്ചയാണ് ഷൈമോള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്.
ഇനി മേലില്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് അനിലിന്‍റെ ബന്ധുക്കള്‍ ഉറപ്പ് നല്‍കിയതോടെ ഭര്‍തൃവീട്ടിലേക്ക് മടങ്ങി. എന്നാല്‍ ചൊവാഴ്ച ഷൈമോള്‍ അമ്മയെ ഫോണില്‍ വിളിക്കുകയും ഭര്‍ത്താവ് വീണ്ടും ഉപദ്രവിക്കുന്ന വിവരം അറിയിക്കുകയും ചെയ്തു. കോള്‍ ചെയ്തുകഴിഞ്ഞ് ഒരു മണിക്കൂറിനകം ഷൈമോള്‍ മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് വീട്ടുകാര്‍ കേള്‍ക്കുന്നത്.
ഷൈമോളുടെ കൈത്തണ്ടയിലെ പാടും ചെവിയില്‍ നിന്ന് രക്തം വാര്‍ന്നതും ദുരുഹതയ്ക്ക് ഇടയാക്കുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മരണം ആത്മഹത്യയാണെന്ന് ഏറ്റുമാനൂര്‍ പോലീസ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.