തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമാകും. മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മന്ത്രിസഭ പുനസംഘടിപ്പിച്ചാല്‍ മതിയോ എന്നതിൽ എല്‍ഡിഎഫ് ഇന്ന് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. വൈകിട്ടാണ് മുന്നണി യോഗം നടക്കുക. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്.

നവംബറിൽ രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. മന്ത്രിസഭ രൂപീകരണ വേളയിലുണ്ടായ ധാരണപ്രകാരം നവംബര്‍ 25നകമാണ് മന്ത്രിസഭാ പുനഃസംഘടന നടക്കേണ്ടത്. ഗതാഗത മന്ത്രി ആന്‍റണി രാജുവും, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവിലും മാറി, കെ.ബി.ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകണം.

നവംബര്‍ 18ന് നവകേരള സദസ് ആരംഭിക്കാനിരിക്കേ ഇതിനു മുന്‍പ് പുനഃസംഘടന വേണമെന്ന് കാട്ടി കേരള കോണ്‍ഗ്രസ് ബി, മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഇത് ഇന്നത്തെ യോഗത്തില്‍ പരിഗണിക്കുമെന്നാണ് മുന്നണി നേതൃത്വം അറിയിച്ചിരുന്നത്.