മഹുവ മൊയ്ത്രയ്ക്ക് ഇന്ന് നിർണായകം; നിയമനടപടി ആലോചിച്ച് പ്രതിപക്ഷം
Friday, November 10, 2023 9:42 AM IST
ന്യൂഡൽഹി: കോഴയാരോപണത്തിൽ കുരുക്കിലായ തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് ഇന്നു നിർണായകം. മഹുവയെ പാർലമെന്റിൽനിന്ന് പുറത്താക്കാനുള്ള ശിപാർശ ഇന്ന് സ്പീക്കർ ഓം ബിർലയ്ക്ക് കൈമാറും.
ഡിസംബർ പകുതിയോടെ ആരംഭിക്കാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ റിപ്പോർട്ട് ചർച്ചയ്ക്ക് വച്ചതിനുശേഷം നടപടി സ്വീകരിക്കുമെന്നാണ് സൂചന. മഹുവയ്ക്കെതിരായ റിപ്പോർട്ട് നാലിനെതിരേ ആറ് വോട്ടുകൾക്ക് വ്യാഴാഴ്ച ലോക്സഭാ എത്തിക്സ് കമ്മിറ്റി പാസാക്കിയിരുന്നു.
അതേസമയം, മഹുവയ്ക്കെതിരായ റിപ്പോർട്ടിൽ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് നിയമ, ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചന നടത്തി.
പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദാനി ഗ്രൂപ്പിനുമെതിരേ ചോദ്യംചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടർന്നാണ് തൃണമൂൽ എംപിക്കെതിരായ നടപടി. 500 പേജുള്ള റിപ്പോർട്ടിൽ മഹുവയുടെ പ്രവൃത്തികൾ അങ്ങേയറ്റം നീചവും കടുത്ത ശിക്ഷ അർഹിക്കുന്നതാണെന്നും പരാമർശമുണ്ട്.
മഹുവ പാർലമെന്ററി യൂസർ ഐഡി വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി പങ്കുവച്ചെന്നും ഇതിനായി പണവും പാരിതോഷികവും സ്വീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
വിഷയത്തിൽ വേഗത്തിൽ നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. ബിജെപി എംപി വിനോദ് സോങ്കർ അധ്യക്ഷനായ സമിതിയുടേതാണു കണ്ടെത്തൽ.
അതേസമയം, എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് ചോർന്നെന്ന് ആരോപിച്ച് മഹുവ സ്പീക്കർക്ക് കത്ത് നൽകി. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു മാധ്യമ സ്ഥാപനത്തിന് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ലഭിച്ചെന്നും ഇതു ലോക്സഭയുടെ നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും എതിരാണെന്നും കത്തിൽ പറയുന്നു.